
തിരുവനന്തപുരം: നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും തരംതിരിക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു. ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനയും ഓപ്പറേഷന്‍ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. അതിനിടെ തിരുവനന്തപുരത്ത് വില്‍ക്കാന്‍ വെച്ച ഒരുമാസത്തിലേറെ പഴക്കമുള്ള 800 കിലോ ഗ്രാം മീന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.
നല്ല ആഹാരം കിട്ടുന്ന ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും ഗ്രീന്‍പട്ടികയില്‍പ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പ്രഖ്യാപനം. വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. ഇപ്പോള്‍ നടന്നുവരുന്ന പരിശോധന അതുപോലെ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കാരക്കോണത്ത് റോഡരികില്‍ വില്‍ക്കാനിരുന്നവരില്‍ നിന്നും 800 കിലോ ഗ്രാം അഴുകിയ മീന്‍ ഇന്ന് പിടിച്ചെടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കൂനന്‍പനയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെതിനെത്തുടര്‍ന്നാണ്ടായ പരാതിയിലായിരുന്നു പരിശോധന. ഒരു മാസം പഴക്കമുള്ള മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്‍റെയും പരിശോധന തുടരുകയാണ്. ജഗതിയില്‍ അച്ചായന്‍സ് ഫിഷ് ആന്‍റ് മീറ്റ്സ് എന്ന സ്ഥാപനത്തില്‍ നിന്ന് പഴകിയ മീന്‍ പിടികൂടി. ആക്കുളത്തെ കൊച്ചി പീഡിക, ചാലാ ആസാദ് എന്നിവിടങ്ങളിലെ ഫ്രീസറില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചതിനെത്തുടര്‍ന്ന് നോട്ടീസ് നല്‍കി.
കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യപദാർത്ഥങ്ങളും പിടികൂടി. ആറു ഹോട്ടലുകളിൽ നിന്നാ ണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീവ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam