കൊറോണ; നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ്

By Web TeamFirst Published Feb 1, 2020, 10:20 PM IST
Highlights

പലരും  ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

കോഴിക്കോട്: കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കാന്‍ തീരുമാനം. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയും മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ 28 ദിവസം കഴിയുകയും വേണം. എന്നാല്‍ പലരും ഈ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍  കോഴിക്കോട് എഡിഎം റോഷ്‌നി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചത്. 

ബോധവത്ക്കരണത്തിനും രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിനും വാര്‍ഡ് മെമ്പര്‍മാരടങ്ങുന്ന സംഘം രൂപീകരിക്കും. വിവിരങ്ങള്‍ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്ന് പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും മൂന്ന് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ മൂന്ന് പേരുടെത് നെഗറ്റീവാണെന്ന് ഫലം വന്നിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രാ പരിപാടികള്‍ മാര്‍ച്ച് മാസം വരെ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന്  എ.ഡി.എം അറിയിച്ചു. വാട്സാപ്പ് പ്രചരണത്തില്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും യോഗം അറിയിച്ചു. ഡിഎംഒ ഡോ. വി ജയശ്രീ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡി. ഡിഎംഒ ഡോ. ആശാദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

click me!