കൊറോണ: 'വിദ്യാര്‍ത്ഥിനിയുടെ നില തൃപ്‍തികരം', വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റിലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Feb 1, 2020, 8:05 PM IST
Highlights

ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേര്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്‍തികരമെന്ന് ആരോഗ്യമന്ത്രി. പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്‍റെ ഫലം കിട്ടിയില്ല. ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേരെ കൂടി ആശുപത്രിയില്‍ നിരീക്ഷിച്ച് വരികയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. ഇന്ന് തൃശ്ശൂരില്‍ നിന്ന് അഞ്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്‍തതായും മന്ത്രി വ്യക്തമാക്കി. അതേസമയം കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി പൂണെയില്‍ നിന്നുള്ള വിദഗ്‍ധ സംഘം നാളെ ആലപ്പുഴയില്‍ എത്തും.

കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കരുതൽ നടപടിയുടെ ഭാഗമായി ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ സ്രവ സാംപിൾ പൂണെയില്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനി പനി ലക്ഷണങ്ങൾ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍  പ്രവേശിച്ചത്.  

കൊറോണ വൈറസിന്‍റെ  പശ്ചാത്തലത്തിൽ ചൈനയിലെ സിംഗ്ജിയാംഗിൽ  നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. സിംഗ്ജിയാംഗിൽ അവസാന വർഷ എംബിബിഎസിന് പഠിക്കുന്ന വിദ്യാർത്ഥികളാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. സിംഗ്ജിയാംഗിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് മടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 12 പേരെയും വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് വീടുകളിലേക്ക് അയച്ചത്.
 

click me!