
എറണാകുളം: കൊവിഡ് ബാധിച്ച് ചികിത്സ തേടിയപ്പോൾ ആരോഗ്യ ഇൻഷൂറൻസ് ക്ലെയിം നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. എറണാകുളം ആലുവ സ്വദേശി ബാബു എകെ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് കേസ് തീര്‍പ്പാക്കിയത്.
പരാതിക്കാരന്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നിരുന്നു. ഇതിനായി വേണ്ടി 62,292 രൂപ ചെലവായി. കാഷ്‌ലെസ് സൗകര്യം ഉണ്ടായിരുന്നിട്ടും ഇൻഷുറൻസ് കമ്പനി ഇത് നിഷേധിച്ചു എന്നായിരുന്നു പരാതി. നേരത്തെ ഉണ്ടായിരുന്ന സിഒപിഡി രോഗം മന:പ്പൂർവം മറച്ചുവെച്ചു എന്നായിരുന്നു ക്ലെയിം നൽകാതിരിക്കാൻ പറഞ്ഞ കാരണം. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ രേഖയില്‍ പരാതിക്കാരന്റെ ഭാര്യക്ക് ഹൈപ്പോതൈറോയ് ഡിസ്‌ലിപിഡീമിയ (DLP) മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി.
അവശ്യ സമയത്ത് ക്ലെയിം തള്ളിയതിലൂടെ കമ്പനിയുടെ സേവനത്തിൽ ഗുരുതരമായ പിഴവുണ്ടായി എന്നും, അത് അധാർമ്മികമായ വ്യാപാര രീതിയാണെന്നും ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ ടിഎൻ ശ്രീവിദ്യ, എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. പരാതിക്കാരന് ചികിത്സാ ഇനത്തിൽ ചെലവായ 62,292 രൂപ തിരികെ നൽകണം. ഒപ്പം അദ്ദേഹത്തിനുണ്ടായ മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനത്തിലും 10000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് കമ്മീഷൻ ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam