ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രിയുടെ പ്രസ്താവന; ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയെന്നും വിശദീകരണം

Published : Jul 04, 2025, 02:07 PM IST
Veena George

Synopsis

ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് മെയ് 21ന് ചേര്‍ന്ന യോഗത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ആശുപത്രി സുരക്ഷ പദ്ധതി തയ്യാറാക്കുവാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മെയ് 21ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെന്നാണ് പ്രസ്താവനയിൽ പറയുന്നു. ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില്‍ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് ചേര്‍ന്ന സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ട് നീങ്ങുന്നു. ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടുമെന്നാണ് വകുപ്പ് അവകാശപ്പെടുന്നത്. ഈ സുരക്ഷ പദ്ധതി മുഖേനെ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തീരുമാനിക്കാനാവുകയും ചെയ്യും

അതത് സ്ഥലങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്നങ്ങളെ തടയുവാന്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു

ആരോഗ്യ വകുപ്പില്‍ ആദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തിയതായും പോലീസും, ഫയര്‍ഫോഴ്‌സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചുവെന്നും വാർത്താക്കുറിപ്പിൽ അവകാശപ്പെടുന്നു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈൻ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളമെന്നും ആരോഗ്യ വകുപ്പിന്റെ അവകാശവാദത്തിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം