
തിരുവനന്തപുരം:ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു.ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്.
മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്.. പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി. യഥാർത്ഥവസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണം.മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും തൻ്റെ പേഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്ത് നിർത്തുകയുമാണ് മന്ത്രി ചെയ്യേണ്ടിയിരുന്നത്. അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല.
അഴിമതിയിൽ മുങ്ങിനിൽക്കുന്ന സർക്കാരിൽ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam