പ്രവാസികളെ കൂട്ടത്തോടെ കൊണ്ടു വരാനാകില്ല, ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് വരുന്നത് ദുഃഖകരം: ആരോഗ്യമന്ത്രി

By Web TeamFirst Published Apr 27, 2020, 11:09 AM IST
Highlights

ഈ ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങി വരാൻ എല്ലാവർക്കും താത്പര്യമുണ്ടാകും എന്നാൽ അതു പ്രായോ​ഗികമായ കാര്യമല്ല.


തിരുവനന്തപുരം: പ്രവാസികളെ കൂട്ടത്തോടെ മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ചില ജില്ലകളിൽ 15000 പേരെ വരെ പ്രതീക്ഷിക്കുന്നുണ്ട്. 

ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് വിഷമമുണ്ടാകുന്ന കാര്യമാണെന്നും എന്നാൽ അവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ലഭ്യതക്കുറവുണ്ട്. ‌ടെസ്റ്റ് കിറ്റുകൾ ഒരുമിച്ച് ഉപയോ​ഗിക്കുന്നത് തെറ്റായ രീതിയാണെന്നാണ് അമേരിക്കയിലേയും ബ്രിട്ടണിലേയും അനുഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഈ സാ​ഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാവും റാപ്പിഡ് ടെസ്റ്റിനുള്ള ആളുകളെ കണ്ടെത്തുകയെന്നും ശൈലജ ടീച്ചർ പറഞ്ഞു. 

ആരോ​ഗ്യമന്ത്രിയുടെ വാക്കുകൾ....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായ ആരോ​ഗ്യപ്രവ‍ർത്തകരുടെ സുരക്ഷയിൽ അതീവജാ​ഗ്രതയാണ് സ‍ർക്കാർ പാലിക്കുന്നത്. എല്ലാ സൗകര്യവും നൽകിയാണ് അവരെ സ‍ർക്കാർ ചികിത്സിക്കുന്നത്. ഈ അടുത്ത ദിവസങ്ങളിൽ രണ്ട്,മൂന്ന് ആരോ​ഗ്യപ്രവർത്തകർക്ക് രോ​ഗമുണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണവും നിർദേശവും താഴെത്തട്ടിൽ നൽകും. 

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പനിയും മറ്റു അസുഖങ്ങളുമായി രോ​ഗികൾ വരും അവിടെ ജോലി ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകരെല്ലാം കൃത്യമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പതിനായിരക്കണക്കിന് ആരോ​ഗ്യപ്രവർത്തകർ കേരളത്തിലുണ്ടെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമേ രോ​ഗബാധ ഉണ്ടായിട്ടുള്ളൂ. 

യാത്രാനിയന്ത്രണങ്ങൾ കഴിഞ്ഞാൽ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങി വരണം എന്നല്ല കേന്ദ്രമോ സംസ്ഥാന സർക്കാരോ പറഞ്ഞിട്ടുള്ളത്. വിസാ കാലവധി കഴിഞ്ഞവർ, ​ഗർഭിണികൾ, ക്യാംപുകളിലും മറ്റും താമസസൗകര്യം ഇല്ലാത്തവർ, ചികിത്സ തേടി വരാനുള്ളവർ എന്നിവർക്കെല്ലാമാണ് മുൻ​ഗണന നൽകുന്നത്. ഇതിൽ തന്നെ കൊവിഡ് പരിശോധന നടത്തി മാത്രമേ ആളുകളെ തിരികെ കൊണ്ടു വരൂ. 

ഈ ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങി വരാൻ എല്ലാവർക്കും താത്പര്യമുണ്ടാകും എന്നാൽ അതു പ്രായോ​ഗികമായ കാര്യമല്ല.ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളും കർശനമായ നിരീക്ഷണവും ഉണ്ടാവും. എട്ടായിരം മുതൽ 15000 വരെ പ്രവാസികൾ വിവിധ ജില്ലകളിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കേരളം നിലവിൽ തയ്യാറെടുപ്പുകൾ നടത്തുന്നത്. 

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ലഭ്യതക്കുറവുണ്ടെന്ന്. ‌ടെസ്റ്റ് കിറ്റുകൾ ഒരുച്ച് ഉപയോ​ഗിക്കുന്നത് തെറ്റായ രീതിയാണെന്നാണ് അമേരിക്കയിലേയും ബ്രിട്ടണിലേയും അനുഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഈ സാ​ഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാവും റാപ്പിഡ് ടെസ്റ്റിനുള്ള ആളുകളെ കണ്ടെത്തുക. രോ​ഗികളുമായി ഇടപെട്ടവർ, പ്രതിരോധ പ്രവർത്തനങ്ങളിലെ ഒന്നാം നിര പ്രവർത്തകർ ഹോട്ട് സ്പോട്ടുകളിലും റെഡ്സോണുകളിലും നിന്ന് രോ​ഗലക്ഷണവുമായി വരുന്നവർ എന്നിവരെയാണ് ഈ ഘട്ടത്തിൽ നമ്മൾ പരിശോധിക്കുന്നത്. 

റാപ്പിഡ് ടെസ്റ്റ് കിറ്റുകളേക്കാൾ റിയൽ ടൈം പിസിആ‍ർ ടെസ്റ്റുകളാണ് കേരളത്തിൽ കൂടുതലായി നടത്തിയിട്ടുള്ളത്. എന്തായാലും കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ട്. എങ്കിലും ആർഎൻഎ കിറ്റുകളുടെ അഭാവം ഒരു പ്രശ്നമാണ് എന്തായാലും പതിനാല് കൊവി‍ഡ് ടെസ്റ്റ് ലാബുകൾ കേരളത്തിൽ നിലവിലുണ്ട്. ടെസ്റ്റുകൾ വ്യാപകമാകുന്നതിൻ്റെ ഭാ​ഗമായി ഇന്നലെ മൂവായിരത്തോളം സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. 

കേരളത്തിൽ രോ​ഗവ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയോ സമൂഹവ്യാപനമുണ്ടായതായോ സംശയിക്കുന്നില്ല. താലൂക്കാശുപത്രികളിലും മറ്റു ആരോ​ഗ്യകേന്ദ്രങ്ങളിലും ന്യൂമോണിയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി വരുന്നവരുടെ എണ്ണം കൂടിയോ എന്ന കാര്യവും ആരോ​ഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ ആ  രീതിയിലൊരു മാറ്റം ഉണ്ടായതായി കാണുന്നില്ല. 

കേരളത്തിൽ ഇതുവരെ എല്ലാം നല്ല രീതിയിൽ പോയി എന്ന് വിചാരിച്ച് ഇവിടെ ഇനി സമൂഹവ്യാപനം ഉണ്ടാവില്ല എന്നു കരുതേണ്ട.  ഇക്കാര്യത്തിൽ സിം​ഗപ്പൂരിൻ്റെ അനുഭവം നമ്മുക്ക് മുന്നിലുണ്ട്. ജനുവരി 23 മുതൽ മാ‍ർച്ച് 23 വരെ ആകെ അഞ്ഞൂറേ കേസേ സിം​ഗപ്പൂരിൽ റിപ്പോ‍ർട്ട് ചെയ്തുള്ളൂ. ഇതോടെ അവ‍ർ അവിടെ ലോക്ക് ഡൗൺ പിൻവലിച്ചു. പിന്നെ അതിവേ​ഗം രോ​ഗം വ്യാപിക്കുന്നതാണ് കണ്ടത്. ഈ മാസം 15000 കൊവിഡ് കേസുകൾ വരെ അവിടെ റിപ്പോർട്ട് ചെയ്തു. 

വൈറസ് വാഹകനായ ഒരാൾ ബാക്കിയായാൽ പോലും അതിവേ​ഗത്തിൽ സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കാരണമാണ് നമ്മൾ എല്ലാദിവസവും അവലോകനയോ​ഗം നടത്തി വിപുലമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. പക്ഷേ എല്ലാ മനുഷ്യരേയും നമ്മുക്ക് വലയിട്ട് പിടിക്കാനാവിലല്ലോ. പക്ഷേ ഇവിടെ സമൂഹമാകെ ഉണർന്നു പ്രവർത്തിക്കുന്നു. ആളുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നു എന്നതെല്ലാം ആശ്വാസകരമാണ്.

 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് രോ​ഗം വരുന്നത് എന്നെ സംബന്ധിച്ച് നല്ല വിഷമമുണ്ടാകുന്ന കാര്യമാണ്. ഇത്രയും വലിയൊരു പ്രതിരോധ പ്രവർത്തനത്തിന് ഇടയ്ക്ക് ഇങ്ങനെയൊക്കെ വരും. എന്തായാലും എല്ലാവരേയും നമ്മൾ നല്ല രീതിയിൽ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. 


രോ​ഗികളുടെ വിവരം ചോരുന്നതുമായി ബന്ധപ്പെട്ട വാ‍ർത്ത ഞാനും കണ്ടു. രോ​ഗം സുഖമായി വീട്ടിലേക്ക് പോയാൽ വാർത്ത വരും അപ്പോൾ എല്ലാവരും അറിയുകയും ചെയ്യും. അതു മുതലെടുത്താണ് ചിലർ ഇപ്പോൾ പ്രവർത്തിക്കുന്നത്. രോ​ഗബാധിതരായ കാസർകോട് സ്വദേശികൾക്കെല്ലാം ബാം​ഗ്ലൂരിലും മറ്റും ബന്ധങ്ങളുണ്ട് അതിനാൽ തന്നെ ഇത്തരം ഫോൺ കോളുകളിൽ പരിഭ്രാന്തി വേണ്ട. എന്താണ് ഇവരുടെ ബിസിനസ് താത്പര്യം എന്നെനിക്ക് അറിയില്ല. ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. 

ആ‍ർസിസിയിൽ ജോലി ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. അവർ ഒരു മാസം മുൻപേ തന്നെ തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് പോയിരുന്നുവെന്നാണ് കിട്ടുന്ന വിവരം. ആർസിസിയിൽ നിന്നല്ല അവർക്ക് രോ​ഗം സ്ഥിരീകരിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. ഇക്കാര്യത്തിൽ എന്തായാലും വിശദമായ പരിശോധന തുടരുകയാണ്. 

 

click me!