കാസ‍ർകോട്ടെ കൊവിഡ് രോ​ഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനി

By Web TeamFirst Published Apr 27, 2020, 8:17 AM IST
Highlights

കാസ‍‍‍‍ർകോട്ടെ കൊവിഡ് രോഗികളെയും രോഗം ഭേദമായവരേയും വിളിച്ച് വിവരങ്ങൾ തേടിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും.

കാസർകോട്: കാസർകോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന് സൂചന. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. 
വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്.  സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ. ഏഷ്യാനെറ്റ് ന്യൂസാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ ഫോൺ കോളുകളിലൂടെ ശേഖരിക്കുന്ന വാർത്ത പുറത്ത് കൊണ്ടുവന്നത്.

അതിനിടെ കാസ‍‍‍‍ർകോട്ടെ കൊവിഡ് രോഗികളെയും രോഗം ഭേദമായവരേയും വിളിച്ച് വിവരങ്ങൾ തേടിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും. ദേശീയ കൊവിഡ് സെല്ലിൽ നിന്നെന്ന് പരിചയപ്പെടുത്തി ബെംഗളൂരിൽ നിന്നും വിരങ്ങൾ തേടിയ സംഭവത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുക. 

ആരാണ് ഫോൺ വിളിച്ചതെന്നും എന്താണ് ഇവരുടെ ലക്ഷ്യം എന്നും കണ്ടെത്താനാണ് നിർദേശം. ദേശീയ കൊവിഡ് സെല്ലിൽ നിന്നാണോ ഇത്തരത്തിൽ ഫോൺ വിളി വന്നതെന്നും പരിശോധിക്കും. അതേ സമയം കൊവിഡ് രോഗികൾക്ക് ഫോണിൽ കൗൺസിലിംഗ് നൽകാൻ കാസറകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നാണ് നേരത്തെ രോഗികളെ വിളിച്ച ആൾക്ക് വിവരങ്ങൾ ലഭിച്ചതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 

കൗൺസിലർ ആയ ഇദ്ദേഹം ഡോക്ടർ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. നേരത്തെ ചുമതല നൽകിയ ഡോക്ടർ ജോലിഭാരം കാരണമാണ് ഇത് ഇവരെ ഏൽപ്പിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഇക്കര്യത്തെകുറിച്ച് കൂടുതൽ പരിശോധിക്കുമെന്ന് ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കൊവിഡ് ബാധിതർ

click me!