
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയിൽ നിന്നും ഇന്നലെ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ആനാട് സ്വദേശിയാണ് ആദ്യം ആത്മഹത്യ ചെയ്തത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി വൈകിട്ട് വാർഡിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇന്നലെ ആശുപത്രിയിൽ നിന്നും ചാടിയ ആനാട് സ്വദേശി ഉണ്ണിയെയാണ് ആദ്യം ഐസോലേഷൻ വാർഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഇയാൾ ആശുപത്രിയിൽ നിന്നും ചാടിയത് വിവാദമായിരുന്നു. ബസ്സിൽ കയറി നാട്ടിലെത്തിയ ഉണ്ണിയെ നാട്ടുകാരാണ് പിടികൂടി ആരോഗ്യവകുപ്പിനെ അറിയിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചത്. ഇന്നലെ തന്നെ ഉണ്ണിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഇന്ന് ഡിസ്ചാർജ്ജിനുള്ള നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ.
ആ മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പാണ് നെടുമങ്ങാട് സ്വദേശി മുരുകേശൻ വൈകീട്ട് പേ വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് രോഗം സംശയിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തമിഴ്നാട്ടിൽ നിന്നും തിരിച്ചെത്തിയ മുരുകേശനെ അവശനിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ അറിയിച്ചത് അനുസരിച്ചാണ് ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗി രക്ഷപ്പെട്ടതിന് പിന്നാലെ, ഇവരിൽ ഒരാൾ ഉൾപ്പടെ രണ്ട് പേർ ആത്മഹത്യ കൂടി ചെയ്തതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വീഴ്ച വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് രണ്ട് മരണങ്ങളെക്കുറിച്ചും, ആരോഗ്യവകുപ്പ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam