'കാര്യങ്ങ‌ൾ പറയാൻ അതിന്‍റേതായ രീതിയുണ്ട്; അതിങ്ങനെയല്ല'; പ്രതിഭക്കെതിരെ ആരോഗ്യമന്ത്രി

By Web TeamFirst Published May 12, 2019, 4:58 PM IST
Highlights

പ്രതിഭ ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് കുറിപ്പിട്ടതും ശരിയല്ല. വീണ ജോ‍ർജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയതിനാലാണെന്നും മന്ത്രി

കോഴിക്കോട്: കായംകുളം എഎൽഎ യു പ്രതിഭയെ വിമർശിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഫേസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്തം കാണിക്കുന്നു എന്ന തരത്തിൽ എംഎൽഎ കമന്‍റിട്ടത് ശരിയായില്ലെന്ന് ആരോഗ്യമന്ത്രി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക് കമന്‍റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് കുറിപ്പിട്ടതും ശരിയല്ല. വീണ ജോ‍ർജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയതിനാലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വീണാജോർജ് എംഎൽഎയെ അഭിനന്ദിച്ചത് ചൂണ്ടിക്കാട്ടി തനിക്കും അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട് എന്ന രീതിയിലായിരുന്നു പ്രതിഭയുടെ പരാമ‌ർശം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റില്‍ പ്രതിഭ കമന്‍റ്  ഇട്ടതോടെയാണ് പ്രശ്നം തുടങ്ങുന്നത്.

തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്‍റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണ്. തങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചു. എന്നാല്‍, കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഈ കമന്‍റിനെ കണ്ടത്.

ഇതോടെ, കായംകുളം എംഎല്‍എക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സൈബറിടങ്ങില്‍ ഉയര്‍ന്നത്. ഇതോടെ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്ത് വന്നു. കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്‍റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നും പ്രതിഭ വ്യക്തമാക്കിയിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാൻ. എന്നാൽ, താന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയെ ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യമെന്നും പ്രതിഭ കുറിച്ചു. ഈ പോസ്റ്റിനടിയിലും പ്രതിഭയ്ക്കെതിരെ വിമര്‍ശനങ്ങളാണ് പാര്‍ട്ടി അണികള്‍ ഉന്നയിക്കുന്നത്. 

യു പ്രതിഭ കെ കെ ശെെലജയുടെ പോസ്റ്റില്‍ ചെയ്ത കമന്‍റിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്‌. 2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്.

click me!