തിരുവനന്തപുരം പേയാട് ലോട്ടറി വില്പനക്കാരിയായ സിന്ധു വ്യാജലോട്ടറി തട്ടിപ്പിന് ഇരയായി. 5000 രൂപ സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതി, മുൻപും സമാനമായ തട്ടിപ്പ് നടത്തിയ ആളാണെന്ന് പോലീസ് സംശയിക്കുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വ്യാജലോട്ടറി തട്ടിപ്പ്. പേയാട് പള്ളിമുക്ക് സെന്‍റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ഭഗവതി ഏജൻസി ലോട്ടറി വില്പന നടത്തുന്ന സിന്ധു (39)വാണ് തട്ടിപ്പിന് ഇരയായത്. മലയിൻകീഴ് പാലോട്ടുവിള മാങ്കുന്നിൽ ലോട്ടറി ഏജന്‍റ് നെൽസനെ കബളിപ്പിച്ച അതേ ആളാണ് പ്രതിയെന്ന് സംശയിക്കുന്നു. സിന്ധുവിൽ നിന്ന് 5000 രൂപയാണ് പ്രതി തട്ടിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് ലോട്ടറി ഏജന്‍റ് നെൽസൻ പറ്റിക്കപ്പെട്ടത്. ഫെബ്രുവരി 11ന് നറുക്കെടുത്ത ധനലക്ഷ്മിയുടെ ഡി.എൽ.39-ാം നമ്പർ ലോട്ടറിയിൽ 9785 നമ്പരിൽ 5000 രൂപ സമ്മാനമുണ്ടെന്ന് പറ്റിച്ചാണ് പണം തട്ടിയത്. അതേ നമ്പരിലുള്ള ടിക്കറ്റ് നൽകിയാണ് സിന്ധുവിനെയും പറ്റിച്ചത്. ടിക്കറ്റ് നൽകിയ ശേഷം അടുത്ത ദിവസത്തെ പത്ത് ടിക്കറ്റും എടുത്തു. 4500 രൂപ സിന്ധുവിൽ നിന്ന് വാങ്ങി പ്രതി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
അടുത്ത ദിവസം സിന്ധു പ്രധാന ഏജൻസിയിൽ എത്തി ലോട്ടറി നൽകി. തുക കൈപ്പറ്റാൻ കാത്തുനിൽക്കുമ്പോഴാണ് ഇത് വ്യാജ ലോട്ടറിയാണെന്ന് അറിയുന്നത്. മലയിൻകീഴ് പൊലീസിൽ സിന്ധു പരാതി നൽകിയിട്ടുണ്ട്. നെൽസനെ കബളിപ്പിച്ച് പണം വാങ്ങിയപ്പോൾ സിസിടിവിക്യാമറ ദൃശ്യത്തിൽ കുടുങ്ങിയ ആൾ തന്നെയാണ് സിന്ധുവിനെയും പറ്റിച്ചതെന്ന് വ്യക്തമായി. പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ നെൽസൻ നൽകിയിട്ടുണ്ട്. ആമച്ചൽ സ്വദേശിയാണ് വ്യാജ ലോട്ടറി നൽകി തുക തട്ടുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പോങ്ങുംമൂട്, പേയാട് ഭാഗങ്ങളിലുള്ള ചെറുകിട ഏജന്‍റുമാരെയും പറ്റിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു.


