ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം; ആരോഗ്യ രംഗത്തിന് അനുഭവപാഠമെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jun 9, 2019, 10:32 AM IST
Highlights

കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന  അനുഭവപാടമാണ് ഈ സംഭവം നൽകുന്നത്. കീമോയ്ക്ക് വിധേയമായ ആൾക്ക് തുടർ ചികിത്സയ്ക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും ആരോഗ്യമന്ത്രി 

ദില്ലി: ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്തിന് ഇതൊരു അനുഭവപാഠമാണെന്ന് മന്ത്രി ദില്ലിയില്‍ പറഞ്ഞു. മെഡിക്കൽ ബോർഡ്‌ കൂടാതെ കീമോ തീരുമാനിക്കരുതെന്നു നിർദേശിക്കും. ഡോക്ടര്‍ മനപ്പൂര്‍വ്വം പിഴവ് വരുത്തുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കീമോ നൽകിയത് സദുദ്ദേശത്തോടെ എന്നാണ് മനസിലാക്കുന്നത്‌. കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന  അനുഭവപാടമാണ് ഈ സംഭവം നൽകുന്നത്. കീമോയ്ക്ക് വിധേയമായ ആൾക്ക് തുടർ ചികിത്സയ്ക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

വിദഗ്ധ സമിതി അന്വേഷിക്കും

കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിദഗ്ദ്ധ സമിതി അന്വേഷിക്കും. സർജൻ, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവർ അടങ്ങിയ സംഘമാകും അന്വേഷിക്കുക. മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ആകും സംഘത്തിൽ ഉണ്ടാകുക.

കേസിൽ കോട്ടയം ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാക്കെതിരെയും രണ്ട് സ്വകാര്യ ലാബുകൾക്കെമെതിരെയും ആലപ്പുഴ സ്വദേശി രജനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്‍ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോ‌ർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്  ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് പരാതി.  

ഡോ രഞ്ജനാണ് സ്വകാര്യലാബിൽ പരിശോധനക്ക് നിർദ്ദേശിച്ചത്. ഇവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ്  രജനി പൊലീസിനെ സമീപിച്ചത്. ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും. മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽകോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. 

സ്വകാര്യലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്മേലാണ് രജനി പരാതി നൽകിയിരിക്കുന്നത്.
 

click me!