
തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന്‍ മരിച്ച സംഭവം സങ്കടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആശുപത്രിയില്‍ നിന്ന് ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാനാകില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വരെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ ആ കുഞ്ഞ് മടങ്ങിയെന്നും ഷൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുടുംബത്തില്‍നിന്നാണ് കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടത്. അച്ഛനും അമ്മയും അവരെ സംരക്ഷിക്കണം. എന്നാല്‍ ആധുനിക കാലത്ത് കുട്ടികള്‍ വീടിനുള്ളില്‍ പോലും സുരക്ഷിതരല്ല. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് കൂടുതലാണ്. എന്നാല്‍ കേരളത്തിലേത് പെട്ടന്ന് പുറം ലോകം അറിയുന്നു. അതുകൊണ്ടുതന്നെ കേരളം കൂടുതല്‍ ശ്രദ്ധിക്കണം. കേരളത്തിലേത് പരിഷ്കൃത സമൂഹമാണ്.
ഇപ്പോള്‍ നിലവിലുള്ള അണുകുടംബ വ്യവസ്ഥയില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ അടിച്ചേല്‍പ്പിക്കുന്ന രീതി കണ്ട് വരുന്നുണ്ട്. കുട്ടികള്‍ക്ക് സംഭവിക്കുന്ന പ്രശ്നങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്കെടുക്കാന്‍ സര്‍വ്വേ നടപ്പിലാക്കുന്നുണ്ട്. കുട്ടികള്‍ നേരിടുന്ന മാനസിക, ശാരിരിക പീഡനങ്ങള്‍, കുട്ടികളെ പ്രോത്സാപിക്കാതിരിക്കല്‍, പരിഭവങ്ങള്‍ കേള്‍ക്കാതിരിക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടും.
ശിശുക്ഷേമ സമിതിയുടെ പരിപാടികളുമുണ്ട്. കുട്ടികള്‍ പീഡനങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിഞ്ഞാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറായ 1517 ല്‍ ബന്ധപ്പെടാം. വിഷയം നേരിട്ട് കൈകാര്യം ചെയ്യരുത്. മറ്റൊന്ന് ബോധവല്‍ക്കരണമാണ്. ബാലാവകാശ കമ്മീഷന്‍റെയും ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ അവ നടന്നുവരുന്നുണ്ട്. ആലുവയിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. എന്നാല്‍ സംഭവങ്ങള്‍ അത്രയും ഭീകരതയില്‍ എത്തിക്കാതെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ദ്രുദഗതിയില്‍ ഇടപെടലുണ്ടാകും.
തെരുവില്‍ അലയുകയും തെരുവില്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളെ സംരക്ഷിന്നതിനുള്ള ശരണം ബാല്യം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെ 111 കുട്ടികളെ സംരക്ഷിക്കാനായി. ഹൃദ്യം പദ്ധതിയും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. കുട്ടികളുടെ സംരക്ഷണത്തിനായി കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam