ഗർഭിണിക്ക് വഴി മധ്യേ വേദന കൂടി, കനിവ് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പ്രസവം, അഭിനന്ദിച്ച് ആരോഗ്യമന്ത്രി

By Web TeamFirst Published May 25, 2021, 3:23 PM IST
Highlights

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ആരോഗ്യമന്ത്രി

ഇടുക്കി: കനിവ് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ വട്ടവട സ്വദേശി ആൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസവവേദന കൂടിയതോടെ കൌസല്യയെന്ന 20 വയസ്സുകാരിയ്ക്ക് വേണ്ട പരിചരണം നൽകിയത് ആംബുലൻസ് ജീവനക്കാരായ ഡിക്കല്‍ ടെക്നീഷ്യന്‍ ബി.എസ്. അജീഷ്, പൈലറ്റ് നൗഫല്‍ ഖാനുമാണ്. 

ചൊവ്വാഴ്ച പുലര്‍ച്ചെ 1.55ന് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൗസല്യയെ ബന്ധുക്കള്‍ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ 108 ആംബുലന്‍സിന്റെ സേവനവും തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ബി.എസ്. അജീഷ്, പൈലറ്റ് നൗഫല്‍ ഖാന്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തേക്ക് തിരിച്ചു.

യാത്രാമധ്യേ കൗസല്യയുടെ നില വഷളാകുകയും തുടര്‍ന്ന് കാറില്‍ മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയുമായി. പാമ്പാടുംചോല ദേശിയ പാര്‍ക്കിന് സമീപം വച്ച് കനിവ് 108 ആംബുലന്‍സ് എത്തുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അജീഷ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ കൗസല്യയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യം ആണെന്നും മനസിലാക്കി. ഉടന്‍ തന്നെ അജീഷും നൗഫലും കാറിനുള്ളില്‍ വച്ചുതന്നെ പ്രസവം എടുക്കേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 

2.15ന് കാറിനുള്ളില്‍ വച്ച് അജീഷിന്റെ പരിചരണത്തില്‍ കൗസല്യ കുഞ്ഞിന് ജന്മം നല്‍കി. പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും ആംബുലന്‍സിന് ഉള്ളിലേക്ക് മാറ്റി. ഉടന്‍ തന്നെ അമ്മയേയും കുഞ്ഞിനെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയില്‍ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സമയബന്ധിതമായി പ്രവര്‍ത്തിച്ച 108 ആംബുലന്‍സ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി വീണാ ജോർജ് ഫേസബുക്കിലൂടെ അറിയിച്ചു. 
 

click me!