
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) മൂന്നാം തരംഗം തീവ്രത കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George). രോഗവ്യാപനത്തോത് നന്നായി കുറയുന്നുണ്ട്. രോഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞുവെന്നു ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും വീണാ ജോർജ് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം. കൊവിഡ് ടിപിആർ ഉയർന്ന് നിന്നത്, രോഗം ഉള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണ്. എത്ര സംസ്ഥാനങ്ങളുടെ കേസ് ഫറ്റാലിറ്റി നിരക്ക് (മരണനിരക്ക്) സുപ്രീംകോടതി മാനദണ്ഡങ്ങൾ മാറ്റിയ ശേഷം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ചോദിച്ചു. കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. ഓരോ സംസ്ഥാനത്തിന്റെയും മരണനിരക്ക് പരിശോധിക്കണം എന്ന കാര്യം കേരളം ആരോഗ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വറന്റീൻ ഒഴിവാക്കിയ നടപടിയുമായി മുന്നോട്ടു പോയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ കേന്ദ്ര മാർഗനിർദേശം ഇങ്ങനെയാണ്. ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് കൂടിയായിരിക്കണം ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് ലക്ഷണം ഉള്ളവർക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിർദേശം. മരണനിരക്ക് കൂടുന്നുണ്ടോ എന്നത് മരണ തിയതി നോക്കി പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam