
ആലപ്പുഴ: ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും ചർച്ചയിൽ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. ഒരു ടീമായി പ്രവർത്തിക്കണം. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിങ് നടത്തേണ്ട. അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ, ആലപ്പുഴയിൽ തുടർച്ചയായി ചികിത്സ പിഴവ് തുടങ്ങി മെഡിക്കൽ കോളെജ് ആശുപത്രികൾക്കെതിരെ തുടരെ തുടരെ പരാതി ഉയർന്നതോടെയാണ് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. രണ്ട് മെഡിക്കൽ കോളേജുകളുടെയും പ്രിൻസിപ്പാൾമാർ, ആശുപത്രി സൂപ്രണ്ടുമാർ തുടങ്ങിയവരെ വിളിച്ചുവരുത്തിയിരുന്നു. ആശുപത്രി പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. ഒരു ടീമായി പ്രവർത്തിക്കണം. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. സ്വകാര്യപ്രാക്ടീസ് പിടിച്ചാൽ കർശന നടപടിയുണ്ടാകും. ചികിത്സ രേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കണം.
ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഉയർന്ന പരാതികളിൽ ഡിഎംഒ റിപ്പോർട്ട് നൽകണം. മെഡിക്കൽ കോളെജ് ആശുപത്രികളിൽ മതിയായ ജീവനക്കാർ ഇല്ലെന്ന പരാതി യോഗത്തിൽ ഉയർന്നു. എന്നാൽ പരാതിയുയർന്ന ഡോക്ടർമാർക്കെതിരായ കൂടുതൽ നടപടികളിൽ ചർച്ചയുണ്ടായില്ല. നിർദ്ദേശങ്ങൾക്കപ്പുറം വീഴ്ചകളിൽ എന്ത് നടപടിയെന്ന ചോദ്യത്തിന് മന്ത്രി ഇതുവരെ മറുപടിയും നൽകിയിട്ടുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam