'നഴ്‌സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന, ആരോഗ്യ പ്രവര്‍ത്തകർക്കെതിരായ അതിക്രമം ചെറുക്കണം'; മന്ത്രി

Published : May 12, 2023, 08:02 PM IST
'നഴ്‌സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന, ആരോഗ്യ പ്രവര്‍ത്തകർക്കെതിരായ അതിക്രമം ചെറുക്കണം'; മന്ത്രി

Synopsis

സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്തു കൊടുത്ത് സഹായിച്ച ഒരു ഡോക്ടര്‍ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേര്‍പാടിന് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ആര്‍ദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്വപ്നങ്ങള്‍ കണ്ടയാളാണ് ഡോ. വന്ദന. സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്തു കൊടുത്ത് സഹായിച്ച ഒരു ഡോക്ടര്‍ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേര്‍പാടിന് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്‌സസ് ദിനാചരണം തിരുവനന്തപുരം എകെജി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന അതിക്രമങ്ങളെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിന് വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്ത് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ഓഡിനന്‍സ് അടിയന്തരമായി പുറത്തിറക്കും. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കി, ജീവന്‍ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പെരുമാറുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യത്തിന് ത്യാഗസുരഭിലമായ ജീവിതം പിന്തുടരുന്ന നഴ്‌സുമാരുടെ തലമുറകളായുള്ള സേവനത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക നഴ്‌സസ് ദിനമായ മെയ് 12. ആഗോളതലത്തില്‍ തന്നെ ഏറ്റവും സ്വീകാര്യതയുള്ളവരാണ് കേരളത്തിലെ നഴ്‌സുമാര്‍ എന്നത് അഭിമാനകരമാണ്. ആരോഗ്യ സേവനത്തില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട നഴ്‌സുമാരുടെ ഉദാഹരണം നമുക്കു മുന്നിലുണ്ട്. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സിസ്റ്റര്‍ ലിനിയും കോവിഡ് ബാധിച്ച് മരണമടഞ്ഞ വര്‍ക്കലയിലെ സിസ്റ്റര്‍ സരിതയും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.

നഴ്‌സിങ് മേഖലയില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ ഇടപെടലാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വിദേശ യാത്രയുടെ തുടര്‍ച്ചയായി രണ്ട് ജോബ് ഫെയറുകള്‍ നടത്താന്‍ കഴിഞ്ഞു. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി മറ്റ് ചെലവുകള്‍ ഇല്ലാതെ യോഗ്യത നേടിയവര്‍ക്ക് യുകെയില്‍ നഴ്‌സിങ് മേഖലയില്‍ തൊഴില്‍ ലഭിച്ചു. ആഗോളതലത്തില്‍ വരുംവര്‍ഷങ്ങളില്‍ 9 ദശലക്ഷം നഴ്‌സുമാരുടെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തി മഞ്ചേരിയിലും പാരിപ്പള്ളിയിലും ഗവ. നഴ്‌സിംഗ് കോളേജുകള്‍ അനുവദിച്ചു. 

ഈ കഴിഞ്ഞ ബജറ്റില്‍ 25 നഴ്‌സിംഗ് കോളേജുകള്‍ അനുവദിക്കാനുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അധിക സീറ്റുകളും അധിക തസ്തികകളും സമയബന്ധിതമായി അനുവദിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ പരാതി പരിഹരിക്കുന്നതിനുള്ള അദാലത്ത് സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തില്‍ വൈകിയ കോഴ്‌സുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമെടുത്തു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം കൂടുകയാണ്. 'നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി' എന്ന നഴ്‌സസ്ദിന സന്ദേശം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.

Read More :  'തിരുവഞ്ചൂരും വീണ ജോർജും ഗ്ലിസറിൻ കണ്ണീരും, ഹൗസ് സർജന്മാരുടെ സമരം, കെഎസ്ആർടിസിക്ക് വേണം 30 കോടി'-10 വാർത്ത

സംസ്ഥാന നഴ്‌സസ് അവാര്‍ഡ് ആയ സിസ്റ്റര്‍ ലിനി പുതുശ്ശേരി പുരസ്‌കാരം പി ശ്രീദേവി, വി സിന്ധു മോള്‍ , എം സി ചന്ദ്രിക എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോസ് ഡിക്രൂസ്, നഴ്‌സിംഗ് സര്‍വീസസ് അഡീഷണല്‍ ഡയറക്ടര്‍ ശോഭന എംജി, നഴ്‌സിംഗ് എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സലീന ഷാ, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ആശാ പി നായര്‍, ജില്ല നഴ്‌സിംഗ് ഓഫീസര്‍ ബിന്ദു എസ്, ഡോ. ബന്നറ്റ് എബ്രഹാം, അനസ് എസ്എം, സജിത ടിഎസ്, കെ സി പ്രീത കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും