
1.അത്യാഹിത വിഭാഗം ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു; ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറും
ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് സർജന്മാർ നടത്തിവന്ന സമരത്തിലും മാറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു. ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറാനാണ് തീരുമാനം. മറ്റ് വിഭാഗങ്ങളിലെ സമരവുമായി ബന്ധപ്പെട്ട് തീരുമാനം രാത്രിയോടെ കൈക്കൊള്ളുമെന്ന് ഹൗസ് സർജന്മാർ അറിയിച്ചു. നേരത്തെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയിൽ തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഒപി ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്.
2. കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: 50 കോടി ചോദിച്ചു, 30 കോടി അനുവദിച്ച് ധനവകുപ്പ്
കെഎസ്ആർടിസിക്ക് സംസ്ഥാന ധനവകുപ്പ് 30 കോടി രൂപ കൂടി അനുവദിച്ചു. ഈ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ 50 കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ കോർപറേഷൻ തൊഴിലാളികൾ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്. കെഎസ്ആര്‍ടിസിയിൽ ഗഡുക്കളായുള്ള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്നാണ് മാനേജ്മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്.
3. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്‌ഫി വീണ്ടും റിമാന്റിൽ
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാന്റിൽ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്ന് ഉച്ചയോടെയാണ് കേസന്വേഷിക്കുന്ന എൻഐഎ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയ ഡിജിറ്റൽ രേഖകൾ എൻഐഎ പരിശോധനക്കയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലിയില്‍ പത്തിടങ്ങളിൽ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
4. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.12, തിരുവനന്തപുരം മേഖല ഒന്നാമത്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി. രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം.
5. 'ഡോ.വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചത് കൂടെയുള്ള ഡോക്ടർ മാത്രം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് സഹപ്രവര്‍ത്തകര്‍
ശ്വാസകോശത്തിൽ കുത്തേറ്റാൽ നൽകേണ്ട അടിയന്തിര ചികിത്സ ഡോക്ടർ വന്ദനയ്ക്ക് കിംസിൽ എത്തുന്നതുവരെ നൽകാനായില്ലെന്ന് സഹ പ്രവർത്തകർ. പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കൂടെയുള്ള ഡോക്ടർ മാത്രമാണ് വന്ദനയെ രക്ഷിക്കാൻ എത്തിയതെന്നും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു. ഡ്രസിംഗ് റൂമിൽ നിന്നാണ് പ്രതി കത്രിക എടുത്തത്. എക്സ് റെ എടുക്കാനായി പോകുമ്പോഴാണിതുണ്ടായത്. പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളൊന്നും വന്ദന അറിഞ്ഞിരുന്നില്ല. സംഭവം നടന്ന സമയത്ത് പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടുവെന്നും ഡോക്‍ടര്‍മാര്‍ ആരോപിച്ചു.
6. ഗുസ്തി താരങ്ങളുടെ പരാതി: ബ്രിജ് ഭൂഷന്റെ മൊഴിയെടുത്ത് ദില്ലി പൊലീസ്, രേഖകൾ ആവശ്യപ്പെട്ടു
ഗുസ്തി താരങ്ങളുടെ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ തള്ളി. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. അതേസമയം, ബ്രിജ് ഭൂഷനെതിരെ സമരം തുടരുകയാണ് ഗുസ്തി താരങ്ങൾ. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മന്ത്രി വീണ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് മന്ത്രിയെ നാണം കെട്ടവൾ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്. ഗ്ലിസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാൾ ഉൾക്കടലിലെ മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക്-വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന മോഖ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാൻമാർ തീരം തൊടും. മോഖ, കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. നിലവില്‍ ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിര്‍ദേശമില്ല. എങ്കിലും ഇന്നലത്തേതിന് സമാനമായി ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത.
9. മലയാള സിനിമയിലെ ലഹരി ഉപയോഗം; ഞാൻ പൊലീസ് ആകാനില്ല, സത്യം നിയമപരമായി കണ്ടെത്തണമെന്നും സുരേഷ് ഗോപി
മലയാള സിനിമയിലെ ലഹരി ഉപയോഗത്തിൽ പലരുടെയും കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ് ഗോപി. അന്വേഷണം നടക്കുന്നുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിൽ ശുചീകരണം നടത്തണം. താൻ പൊലീസ് ആകാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
10. 'കോങ്ങാട് എംഎൽഎ അപമര്യാദയായി പെരുമാറി'; പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പരാതി
ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ, ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്. ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.