
കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം ഇന്നലത്തെ അവസ്ഥയിൽ തുടരുകയാണ്. ബോധം തിരിച്ചു കിട്ടാത്തതാണ് ഡോക്ടർമാരെ ആശങ്കയിൽ ആക്കുന്നത്.
ഇന്നലെ രാത്രി തലച്ചോറിന്റെ സിടി സ്കാൻ നടത്തി. തലച്ചോറിന്റെ പ്രവർത്തനം ശരിയാക്കാൻ ന്യൂറോ മരുന്ന് പ്രയോഗിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഉച്ചയ്ക്ക് 2 മണിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മാധ്യമങ്ങളെ കാണും. വൈകിട്ട് മെഡിക്കൽ ബോർഡും ചേരുന്നുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണത്തോട് ശരീരം പ്രതികരിച്ചത് ആശ്വാസമാണ്. ഹൃദയമിടിപ്പും നാഡിമിടിപ്പും ഇന്നലത്തെ പോലെ സാധാരണ രീതിയിൽ ആണ്. ചോദ്യങ്ങളോട് തലയാട്ടിക്കൊണ്ട് പ്രതികരിക്കുന്നുണ്ട്. കൈകാലുകളും ചലിപ്പിക്കുന്നുണ്ട്. 48 മണിക്കൂർ സമയപരിധി അവസാനിക്കുന്ന ഇന്ന് നാല് മണി വരെയുള്ള സമയം നിർണായകമാണ്.
കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.
രണ്ടാഴ്ച മുൻപാണ് വാവ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam