
തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശം മറികടന്ന് കേരളത്തിലെ ആരോഗ്യ സർവ്വേ വിവരങ്ങൾ കനേഡിയൻ ഏജൻസിക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാരിന്‍റെ പൂർണ്ണ അനുമതിയോടെ. ശേഖരിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ PHRIക്ക് കൈമാറാനുള്ള സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കിയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തായി. കിരണ്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിൽ PHRI തലവൻ ഡോ സലിം യൂസഫും പങ്കെടുത്തിരുന്നു.
ആരോഗ്യവകുപ്പിന് വേണ്ടി അച്യുതമേനോൻ സെന്‍റര്‍ ഡാറ്റ ശേഖരിച്ചത് കനേഡിയൻ ഗവേഷണ ഏജൻസി നല്‍കിയ സോഫ്റ്റ് വെയറിലാണ്. ഡാറ്റ പിഎച്ച്ആര്‍ഐയ്ക്ക് സോഫ്റ്റ്‍വെയറില്‍ നിന്ന് നേരിട്ടെടുക്കാൻ അനുമതി നല്‍കിയതിനു പിന്നാലെ സര്‍ക്കാര്‍ ഡാറ്റാ സെന്‍ററിലെ സര്‍വറില്‍ നിന്നും നേരിട്ട് അയക്കാനും തീരുമാനിച്ചിരുന്നു. അതില്‍ പ്രശ്നങ്ങളുണ്ടായാൽ പിഎച്ച്ആര്‍ഐയ്ക്ക് നേരിട്ട് സര്‍വര്‍ ഉപയോഗിക്കാനും അനുമതി നല്‍കി.
അതേസമയം കേന്ദ്രാനുമതി ഇല്ലാതെ ഡാറ്റ കൈമാറാനാകില്ലെന്നായിരുന്നു അച്യുതമേനോൻ സെന്‍ററിന്‍റെ നിലപാട്. അതിനെ തള്ളിയ സര്‍ക്കാര്‍ വിവരശേഖരണത്തിലെ പരിശീലനത്തിനടക്കം പിഎച്ച്ആര്‍ഐയെ കൊണ്ടുവന്നു. സര്‍വ്വേയുമായി ബന്ധപ്പെട്ട ഉന്നതതലയോഗങ്ങളിലെല്ലാം പിഎച്ച്ആര്‍ഐ സാന്നിധ്യം ഉറപ്പാക്കി.
ഏറ്റവും ഒടുവില്‍ ഉന്നതതലയോഗം ചേര്‍ന്നത് കൊച്ചിയില്‍ വച്ച്. പിഎച്ച്ആര്‍ഐ തലവൻ ഡോ സലിം യൂസഫിന്‍റെ കൂടി സൗകര്യം മാനിച്ചായിരുന്നു ആരോഗ്യസെക്രട്ടറി ഡോ രാജൻ ഖോബ്രഗഡയും ഉദ്യോഗസ്ഥരും കൊച്ചിയിലെത്തി യോഗം ചേര്‍ന്നത്. യോഗം ചേര്‍ന്ന വിവരം സര്‍വ്വേയിലെ പ്രധാനിയായിരുന്ന ഡോ വി രാമൻകുട്ടിയും സ്ഥിരീകരിക്കുന്നു
മാത്രവുമല്ല ഡാറ്റാ ശേഖരണത്തിന്‍റെ ചുമതല ഉണ്ടായിരുന്ന അച്യുതമേനോൻ സെന്‍റിറിലെ ഡോ കെ ആര്‍ തങ്കപ്പന് പിഎച്ച്ആര്‍ഐ തലവൻ ഡോ സലിംയൂസഫ് അയച്ച കത്ത് പ്രകാരം ആഴ്ചതോറും വിവരങ്ങൾ കൈമാറാനുള്ള സംസ്ഥാന സര്‍ക്കാര്‍ അനുമതിയെക്കുറിച്ച് പറയുന്നുമുണ്ട്. കിരണ്‍ സര്‍വേയുമായി പിഎച്ച്ആര്‍ഐയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam