ആശാപ്രവര്‍ത്തകയ്ക്ക് കൊവിഡ്; മരുന്നുമായി നിരവധി വീടുകളില്‍ പോയി, ആശങ്ക

By Web TeamFirst Published Jun 21, 2020, 6:23 PM IST
Highlights

ജൂൺ 19 തിന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള  സമ്പർക്കത്തിലൂടെയാണ്  രണ്ട് പേർക്ക് രോഗം  വന്നത്.  

ഇടുക്കി: കട്ടപ്പനയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം കണ്ടെത്താനായില്ല.  ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയാണ്. നിരവധി വീടുകളിൽ ഇവർ മരുന്ന് കൊടുക്കാൻ പോയിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും പോയതായാണ് വിവരം. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടിവരുമെന്നാണ് സൂചന. ആശാപ്രവര്‍ത്തകയ്ക്ക് അടക്കം 11 പേര്‍ക്കാണ് ഇന്ന് ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 19 തിന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള  സമ്പർക്കത്തിലൂടെയാണ്  രണ്ട് പേർക്ക് രോഗം  വന്നത്.  

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും (ഒരു തൃശ്ശൂര്‍ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കണ്ണൂര്‍ സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,659 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


 

click me!