തപാൽ വോട്ടില്ല, കൊവിഡ് ഡ്യൂട്ടിയുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നു

By Web TeamFirst Published Dec 9, 2020, 7:55 AM IST
Highlights

ഈ ഡ്യൂട്ടി വന്നതോടെ ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ പോളിങ് ചുമതലയുള്ളവര്‍ക്ക് മാത്രമേ തപാല്‍ വോട്ട് അനുവദിക്കുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തതോടെ ഇവരുടെ സമ്മതിദാനാവകാശം നിഷേധിക്കപ്പട്ടു.

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് ഡ്യൂട്ടി നല്‍കിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഈ ജീവനക്കാര്‍ക്ക് പോസ്റ്റര്‍ ബാലറ്റ് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള രണ്ട് ഘട്ട വോട്ടെടുപ്പിലും കൊവിഡ് ഡ്യൂട്ടിയുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനാകില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫസറ്റ് ലൈൻ ചികില്‍സ കേന്ദ്രങ്ങളിലും മറ്റും മെഡിക്കല്‍ ഓഫിസറായി നിയോഗിക്കപ്പെട്ട ഡോക്ടര്‍മാരും നോഡല്‍ ഓഫിസര്‍മാരായി നിയമിച്ച ഹെല്‍ത് ഇൻസ്പെക്ടര്‍മാരുമടക്കം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്. കഴിഞ്ഞമാസം 26ാം തിയതി മുതല്‍ ഇവര്‍ കൊവിഡ് രോഗികളേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും കണ്ട് തപാല്‍ വോട്ട് ശേഖരിക്കുകയാണ്. ഈ ഡ്യൂട്ടി വന്നതോടെ ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ പോളിങ് ചുമതലയുള്ളവര്‍ക്ക് മാത്രമേ തപാല്‍ വോട്ട് അനുവദിക്കുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തതോടെ ഇവരുടെ സമ്മതിദാനാവകാശം നിഷേധിക്കപ്പട്ടു.

കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് കാട്ടി ജില്ല മെഡിക്കൽ ഓഫിസര്‍മാര്‍ താഴേക്ക് ഉത്തരവും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ബാക്കി എല്ലാ ജീവനക്കാര്‍ക്കും തപാല്‍ വോട്ടിന് അര്‍ഹത ഉളളപ്പോഴാണ് ഈ വേര്‍തിരിവ്.

click me!