രോഗിയെ പുഴുവരിച്ച സംഭവം: നടപടിക്ക് പിന്നാലെ പുതിയ മാർഗരേഖയും, പ്രതിഷേധം ശക്തമാക്കി ആരോഗ്യപ്രവര്‍ത്തകര്‍

By Web TeamFirst Published Oct 4, 2020, 7:12 AM IST
Highlights

ഇന്നലെയാണ് ആരോഗ്യപ്രവർത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കി, അവധി മറ്റു സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കി മാർഗനിർദേശം ഇറങ്ങിയത്. ഐസിഎംആർ മാർഗനിർദേശം അനുസരിച്ചാണ് ഇതെന്നാണ് വിശദീകരണം. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടമർക്ക് പുറമെ നഴ്‌സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കാൻ അവശ്യപ്പെടുന്നതോടൊപ്പം, ആരോഗ്യ പ്രവർത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്ടർമാരും 48 മണിക്കൂർ റിലെ സത്യാഗ്രഹസമരം തുടരുകയാണ്. ഇന്നലെയാണ് ആരോഗ്യപ്രവർത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കി, അവധി മറ്റു സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കി മാർഗനിർദേശം ഇറങ്ങിയത്.

ഐസിഎംആർ മാർഗനിർദേശം അനുസരിച്ചാണ് ഇതെന്നാണ് വിശദീകരണം. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. മുമ്പ് ലഭിച്ചിരുന്ന നിർദിഷ്ട ഓഫ് ഇനി മുതൽ കിട്ടില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനമാണെന്നാണ് വിശദീകരണം. 

പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനി മുതൽ ലഭിക്കില്ല. ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാൽ നിരീക്ഷണത്തിൽ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.

അശാസ്ത്രീയമായ മാർഗ നിർദേശമാണെന്നാണ് ഡോക്ടര്‍മാരുടെ വിമര്‍ശനം. കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ ഉള്ള സർക്കാർ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരിൽ കാണുമെന്നും ഡോക്ടർമാർ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു. അതേസമയം, ഇന്നലെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് നോഡൽ ഓഫിസർമാരായ ഡോക്ടർമാര്‍ കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു. 

അധിക ചുമതല ചെയ്യേണ്ടതില്ലെന്ന് പൊതു തീരുമാനം എടുത്ത ശേഷമായിരുന്നു രാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്. ഇതിനിടെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പൊലീസ്  കേസെടുത്തിട്ടുമുണ്ട്. 

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാൻ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്. ഭരണാനുകൂല സംഘടനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കെജിഎംസിടിഎയ്ക്ക് പുറമെ കെജിഒഎയും കെജിഎൻഎയും ഇന്നലെ പ്രതിഷേധ സമരത്തിനെത്തി.

കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെ ലംഘിച്ച് കൊണ്ടായിരുന്നു അൻപതിലധികം ഡോക്ടർമാർ കൂടിനിന്നുള്ള സമരം തലസ്ഥാനത്ത് നടന്നത്.  നിരോധനാജ്ഞ ലംഘിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ  സമരം തുടർന്നു. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും പലപ്പോഴും ലംഘിക്കപ്പെട്ടു.  തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് എഴുപതോളം ഡോക്ടർമാർക്കെതിരെ കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതിനൊപ്പം പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസുകളുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡിഎംഇ അന്വേഷണം തുടരുമെന്നും വേഗത്തിൽ പൂർത്തിയാക്കി തുടർനടപടികളുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. മതിയായ ജീവനക്കാരില്ലാത്തതിനാൽ സംഭവിച്ച വീഴ്ച്ചയായതിനാൽ ഉപാധികളില്ലാതെ സസ്പെൻഷൻ പിൻവലിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് സർക്കാരും നിലപാട് കടുപ്പിക്കുന്നു.  

click me!