Latest Videos

സ്റ്റെന്‍റ് ഇല്ല : കോഴിക്കോട് മെഡി.കോളേജില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങിയേക്കും

By Web TeamFirst Published Jun 1, 2019, 9:18 AM IST
Highlights

  കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സ്റ്റെന്‍റ് നൽകിയതിൽ 30 കോടിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട്. 

കോഴിക്കോട്: പാവപ്പെട്ടവരുടെ അത്താണിയായ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങിയേക്കും. കോടികളുടെ കുടിശ്ശിക തീർക്കാത്തതിനാൽ ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്‍റ് വിതരണം നിർത്തിവയ്ക്കാൻ വിതരണക്കാർ തീരുമാനിച്ചു. ഈ മാസം പത്തിനകം കുടിശ്ശിക തീർത്തില്ലെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റെന്‍റ് തിരിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്.

കോടികളുടെ കുടിശ്ശിക തീർക്കാത്തതിനാൽ സ്റ്റെന്‍റ് വിതരണം നിർത്തിവയ്ക്കുകയാണെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്റ്റെന്‍റ് നൽകുന്ന വിതരണക്കാരുടെ സംഘടന ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്.  കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സ്റ്റെന്‍റ് നൽകിയതിൽ 30 കോടിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 16 കോടിയും കുടിശ്ശികയുണ്ട്. 

ട്രൈബൽ ഫണ്ട് വഴി സ്റ്റെന്‍റ് നൽകിയതിൽ 2014 മുതലുള്ള കുടിശ്ശിക നൽകിയിട്ടില്ല. സംസ്ഥാനത്ത് സ്റ്റെന്‍റ് വിതരണ കമ്പനികൾക്ക് ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജാണ്. അതേസമയം, ഹൃദയശസ്ത്രക്രിയകൾക്ക് നിലവിൽ തടസ്സം ഉണ്ടാകില്ലെന്നും കുടിശ്ശിക തീർക്കുന്ന കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ പ്രതികരണം.

click me!