ഉരുൾ പൊട്ടി മകളും കുഞ്ഞുങ്ങളും പോയി, ഒന്നാം ഓർമദിനത്തിൽ ഹമീദിനെ തേടി വീണ്ടും ദുരന്തം

By Web TeamFirst Published Aug 13, 2019, 6:04 PM IST
Highlights

കണ്ണീരൊഴിയാത്ത ജീവിതം - ഒറ്റ വാക്കിൽ അങ്ങനെ ഹമീദിനെ വിശേഷിപ്പിക്കുന്നത് ഞങ്ങൾക്കും വേദനയാണ്. ഓർമദിനത്തിന് പന്തൽ കെട്ടുന്നതിനിടെയാണ് വീണ്ടും ഹമീദിന് മേൽ മണ്ണിടിഞ്ഞ് വീണത്. 

ഇടുക്കി: മകളുടെയും കുഞ്ഞുങ്ങളുടെയും മരുമകന്‍റെയും ഓർമദിനമായിരുന്നു അന്ന്. ഒന്നാം ഓർമദിനത്തിന് പന്തൽ കെട്ടുകയായിരുന്നു വീടിന് പിന്നിൽ ഇടുക്കി അടിമാലി സ്വദേശി ഹമീദ്. അപ്പോഴാണ് ഒരു ഇരമ്പത്തോടെ മണ്ണിടിഞ്ഞ് ഹമീദിന് മേൽ പതിച്ചത്. 

ഓർക്കാൻ വയ്യ ഹമീദിന്. കൃത്യം ഒരാണ്ട് മുമ്പ്, ഇതേദിവസമായിരുന്നു, ഇടുക്കിയിലെ ഉരുൾപൊട്ടലിൽ ഹമീദിന്‍റെ മകളുടെ കുടുംബം മുഴുവൻ മണ്ണിനടിയിൽ പെട്ടത്. കുടുംബത്തിലെ ഒരാളെപ്പോലും ബാക്കി കിട്ടിയില്ല. 

 

''മണ്ണും വെള്ളം ഒലിച്ചോണ്ട് വന്നു. ഒറ്റ നിമിഷം കൊണ്ട് എന്‍റെ തലയ്ക്ക് മുകളിൽ മണ്ണായി. ഞാനതിനടിയിൽ പെട്ടുപോയി. നാട്ടുകാര് എന്നെ പുറത്തെടുക്കാൻ നോക്കി പറ്റിയില്ല. പിന്നെ ഫയർഫോഴ്‍സ് വന്ന് പിക്കാസ് കൊണ്ട് മാന്തിയാണ് എന്നെ പുറത്തെത്തിച്ചത്'', ഹമീദ് പറയുന്നു.

കണ്ണിൽ വെള്ളം നിറയും ഹമീദിന്, ഫോണിലെ മകളുടെ ചിത്രം നോക്കുമ്പോൾ. അവിടെ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നുണ്ട്, പ്രിയപ്പെട്ട മകൾ. 

''അങ്ങനെ മറന്നു കളയാൻ പറ്റില്ലല്ലോ. ഇനി ഇതുകൂടിയാകുമ്പോഴേക്ക്... ഇനിയെന്ത് എന്നറിയില്ല'', ഹമീദിന് വാക്ക് മുറിയുന്നു. 

click me!