ചെളിയും മണലും വെള്ളവും ഒഴുകി വരുന്നു, കാരശ്ശേരിയിൽ 'സോയിൽ പൈപ്പിംഗ്' പ്രതിഭാസം; ഭീതിയോടെ നാട്ടുകാർ

By Web TeamFirst Published Aug 13, 2019, 5:35 PM IST
Highlights

സോയിൽ പൈപ്പിംഗ് പ്രതിഭാസം ഉണ്ടായ മുക്കം കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് കരകയറും മുമ്പേ കോഴിക്കോട് കാരശ്ശേരിക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് സോയിൽ പൈപ്പിം​ഗ് പ്രതിഭാസം. മണ്ണിനടിയിൽ നിന്ന് ചെളിയും മണലും വെള്ളവും ഒഴുകി വരുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിം​ഗ്. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിലാണ് സോയിൽ പൈപ്പിം​ഗ് പ്രതിഭാസം ആദ്യം കണ്ടെത്തിയത്.

പൈക്കാടൻ മലയിൽ സ്ഥിതി ചെയ്യുന്ന തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ കൃഷിസ്ഥലത്താണ് മണ്ണിനടിയിൽ നിന്ന് മണലും ചളിയും വെള്ളവും ഒഴുകി വരുന്നത് കണ്ടെത്തിയത്. കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലമായതിനാൽ ഭീതിയിലാണ് ഇവിടുത്തെ നാട്ടുകാ‍ർ. സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയതിനാല്‍ പ്രദേശത്ത് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും വലിയ തോതിൽ മണ്ണിടിച്ചിലിന് സാധ്യത ഉണ്ടാക്കുന്ന പ്രതിഭാസമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സെന്‍റർ ഫോർ എർത്ത് സ്റ്റഡീസിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 

അതേസമയം, സോയിൽ പൈപ്പിംഗ് പ്രതിഭാസം ഉണ്ടായ മുക്കം കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും.

click me!