വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി പേരെ കാണാതായെന്ന് നാട്ടുകാര്‍

Published : Aug 08, 2019, 07:12 PM ISTUpdated : Aug 08, 2019, 07:45 PM IST
വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധി പേരെ കാണാതായെന്ന് നാട്ടുകാര്‍

Synopsis

വയനാട്ടില്‍ ക്യാംപ് ചെയ്യുന്ന സൈനികരും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് തിരിച്ചു 

വയനാട്: കനത്ത മഴയ്ക്കിടെ വയനാട് മേപ്പാടിയില്‍ വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചന. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.  രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലെത്തിയ സൈന്യത്തിനും ദുരന്തനിവാരണസേനയ്ക്കും വിവരം നല്‍കിയതായും അവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പുത്തുമലയിലെ രണ്ട് പാഡികള്‍ (തൊഴിലാളികള്‍ താമസിക്കുന്ന ലയം), ഒരു അമ്പലം, പള്ളി, ഒരു ക്യാന്‍റീന്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുകളിലേക്ക് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി എന്നാണ് വിവരം.  സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും എന്നാല്‍ അവിടെ സൈന്യം തന്നെ നേരിട്ടെത്തണമെന്നും കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അങ്ങോട്ട് എങ്ങനെയും എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ വഴിയില്‍ എല്ലാം മണ്ണിടിച്ചില്ലാണ്. അവിടെയുള്ളവര്‍ക്ക് പുറത്തേക്കോ പുറത്തുള്ളവര്‍ക്ക് അകത്തേക്കോ എത്താനാവാത്ത അവസ്ഥയാണ്.  മുഖ്യമന്ത്രിയെ വിളിച്ച് സൈന്യത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുള്ളവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും പുത്തുമലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ അവിടെ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹത്തിന് ഇങ്ങോട്ട് വരാനോ തങ്ങള്‍ക്ക് അങ്ങോട്ട് എത്തിച്ചേരാനോ സാധിക്കുന്നില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് അതിനാല്‍ പ്രദേശത്തെ ഭൂരിപക്ഷം പേരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്. ദൃശ്യം പകര്‍ത്തി ഏഷ്യാനെറ്റ് ന്യൂസിന് കൈമാറിയ ആളേയും ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പ്രദേശത്തുള്ള ആരേയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും എല്ലാവരുടേയും ഫോണുകള്‍ സ്വിച്ച്ഓഫാണെന്നും ഒആര്‍ കേളു എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവില്‍ ഉള്ള ആളുകള്‍ അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് വിവരമെന്നും  എന്നാല്‍ സൈന്യത്തിന്‍റെ അടക്കം സഹായം വേണ്ടി വരുമെന്നും അദ്ദേഹവും വ്യക്തമാക്കി. 

 

വാര്‍ത്ത തത്സമയം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്