നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ഇടുക്കി മുൻ എസ്‍പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

By Web TeamFirst Published Aug 8, 2019, 6:54 PM IST
Highlights

കസ്റ്റഡി കൊലപാതകത്തിൽ എസ്‍പിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കസ്റ്റഡി കൊലപാതകത്തിൽ ആദ്യമായാണ് അന്വേഷണ സംഘം എസ്പിയെ ചോദ്യം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇടുക്കി: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽവച്ച് രാജ്കുമാർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടുക്കി മുൻ എസ്‍പി കെ ബി വേണു​ഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എസ്‍‍പിയുടെ അറിവോടെയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ എസ്‍ഐ സാബുവിന്റെ മൊഴി. ഇതേത്തുടർന്നാണ് മുൻ എസ്‍പി കെ ബി വേണു​ഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 

ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റഡി കൊലപാതകത്തിൽ എസ്‍പിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കസ്റ്റഡി കൊലപാതകത്തിൽ ആദ്യമായാണ് അന്വേഷണ സംഘം എസ്പിയെ ചോദ്യം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, പൊലീസ് കസ്റ്റഡിയിൽവച്ച് അതിക്രൂരമായ മർദ്ദനത്തിന് ഇരയായാണ് രാജ്കുമാർ മരിച്ചതെന്ന് റീപോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ആദ്യ പോസ്റ്റുമോർട്ടത്തിലെ ന്യുമോണിയയല്ല മരണകാരണമെന്ന് വ്യക്തമായതായി ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അറിയിച്ചു. 

കസ്റ്റഡിയിൽ വച്ച് രാജ്കുമാറിന് ശരീരമാസകലം മർദ്ദനമേറ്റതായി ജുഡീഷ്യൽ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നടത്തിയ റീപോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. 22 പുതിയ ചതവുകളാണ് റീപോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. ചിലതിന് നാലര സെന്റീമീറ്റർ വരെ ആഴമുണ്ട്. ശരീരത്തിലേറ്റ മർദ്ദനത്തെ തുടർന്ന് ആന്തരീക അവയവങ്ങൾക്കടക്കം കേടുപാടുണ്ടായി. മരിക്കുമ്പോൾ വൃക്കകൾ തകരാറിലായിരുന്നു. കാലുകൾ രണ്ടുവശത്തേക്കാക്കി പീഡിപ്പിച്ചിട്ടുണ്ട്. തുടയിലും മറ്റും രക്തം കട്ടപിടിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കമ്മീഷന് ഇപ്പോൾ കൂടുതൽ വ്യക്തത കിട്ടിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.  

ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും ജുഡീഷ്യൽ കമ്മീഷന്റെ തുടർനടപടികൾ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാനദണ്ഡങ്ങൾ പോലും ആദ്യപോസ്റ്റ്മോർട്ടത്തിൽ പാലിച്ചില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു. ആദ്യ പോസ്റ്റ്മോർട്ടം നടത്തിയവരെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി വിസ്തരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!