ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

By Web TeamFirst Published Aug 22, 2019, 2:58 PM IST
Highlights

എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

തിരുവനന്തപുരം: എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. എന്നാല്‍, മറ്റ് ചില സമുദ്ര പ്രദേശങ്ങളിൽ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

click me!