
കൽപറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ടാണ് ഷട്ടറുകൾ തുറക്കുക. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ഇതിനോടനുബന്ധിച്ചാണ് ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചത്.
ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ബാണാസുര സാഗർ അണക്കെട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഷട്ടർ കൂടുതലായി തുറക്കുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 59 ക്യൂബിക് മീറ്റർ എന്നതിൽ നിന്ന് സെക്കൻഡിൽ 94 ക്യൂബിക് മീറ്റർ വരെ ഘട്ടം ഘട്ടം ആയി കൂടും.
അതിനാൽ ഓരോ ഘട്ടത്തിലും കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തിൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ലെന്നും ഇരു കരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഇതുകൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam