കോട്ടയത്ത് കനത്ത മഴ തുടരുന്നു; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

By Web TeamFirst Published Oct 17, 2021, 5:55 AM IST
Highlights

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ (Heavy Rain) തുടരുന്നു. കോട്ടയം ജില്ലയിൽ (Kottayam) ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ (Mundakkayam Koottickal) പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്.  ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും (Kokkayar) മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. 

കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂട്ടിക്കലിൽ 40 അം​ഗ സൈന്യം രക്ഷാപ്രവർത്തനത്തിനുണ്ട്. കൂട്ടിക്കലിനു പുറമേ മണിമലയും ഒറ്റപ്പെട്ട നിലയിലാണെന്നാണ് പുറത്തു വരുന്ന വിവരം. മണിമലയിലേക്കുള്ള റോഡുകൾ വെള്ളം കയറിയ അവസ്ഥയിലാണ്. ഇടുക്കിയിൽ രാത്രി മുഴുവൻ മഴ തുടരുകയായിരുന്നു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പാലായിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിലെ കോട്ടങ്ങൽ പ്രദേശം വെള്ളത്തിൽ മുങ്ങി. മണിമലയോട് അടുത്ത പ്രദേശമാണിത്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ട ജില്ലയിലെത്തിയിട്ടുണ്ട്. ആറന്മുള ചെങ്ങന്നൂർ റോഡ് വെള്ളത്തിനടിയിലാണ്. 

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  എന്നീ ജില്ലകളിൽ  മണിക്കൂറിൽ 40 കിലോമീറ്റർ വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും കൊല്ലത്തും നിലവിൽ മഴയില്ല. അതേസമയം, തിരുവനന്തപുരത്ത് പൊന്മുടി, വിതുര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ നിന്ന് ആശങ്കപ്പെടേണ്ട സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ രാത്രി മഴ പെയ്തെങ്കിലും ഇപ്പോൾ ഇല്ല.  അടിയന്തര സാഹചര്യം നേരിടുന്നതിന് കണ്ണൂർ ഡിഎസ്‍സി സെന്‍ററിൽ നിന്ന് 25 പേരടങ്ങുന്ന കേന്ദ്രസേന ഉടൻ വയനാട്ടിലെത്തും. ജില്ലയിൽ ഇതുവരെ എവിടെയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ബാണസുര സാഗർ, കാരാപ്പുഴ ഡാമുകളിൽ അപകടകരമാം രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേപ്പാടി, പുത്തുമല, മുണ്ടക്കൈ, കുറിച്യാർമല, പൊഴുതന എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത. മഴ ശക്തമായാൽ ഇവിടെ നിന്ന് ആളുകളെ പൂർണമായി മാറ്റിപാർപ്പിക്കും. വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ മഴ തുടരുകയാണ്. കുട്ടനാട് വീയപുരം ജലനിരപ്പ് ഉയരുകയാണ്. നദീതീരത്ത് താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെങ്ങന്നൂരിൽ മുളക്കുഴയും ഇടനാടും വെള്ളത്തിൽ മുങ്ങി. ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. 

പാലക്കാടും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലും കാര്യമായ മഴയില്ല. കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാര്യമായി മഴയില്ല. വയനാട് റോഡിൽ  ഈങ്ങാപ്പുഴയിൽ ഉണ്ടായിരുന്ന വെള്ളം താഴ്ന്നു. താമരശേരി ചുരത്തിലും പ്രശ്നങ്ങളില്ല. ജില്ലയിലെ മലയോര മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഇരുട്ടിലാണ്. 11 കെവി ലൈനുകൾ അടക്കം വ്യാപകമായി തകർന്നെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ടാണ്. 

click me!