
കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴ (Heavy rain) തുടരുകയാണ്. മഴയിലും കാറ്റിലും വൻനാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. കണ്ണൂർ (Kannur) കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി.
തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പ് ജോലിക്കിടെ ഒൻപത് പേർക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരംവീണു. കോഴിക്കോട് കൊടുവള്ളിയിൽ തെങ്ങുവീണ് ഒരാൾക്ക് പരിക്കേറ്റു. തൃശൂർ ഒല്ലൂരിൽ മരംവീണ് ഏറനേരം ഗതാഗതം തടസപ്പെട്ടു.
മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് മലപ്പുറത്ത് കനത്ത മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ മരങ്ങൾ വീണതിനെ തുടർന്ന് പാർക്ക് താത്ക്കാലികമായി അടച്ചു
കോഴിക്കോട് മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊടുവളളി കിഴക്കോത്ത് വീടിനുമുകളിൽ തെങ്ങ് കടപുഴങ്ങി വീണ് ഒരാൾക്ക് പരിക്കേറ്റു.പന്നൂർ കണ്ടംപാറക്കൽ ഷമീറയ്ക്കാണ് പരിക്കേറ്റത്. വീടിൻറെ മേൽക്കൂര ഏതാണ്ട് പൂർണമായി തകർന്നു. ചക്കിട്ടപാറ,കൂരാച്ചുണ്ട് , വിലങ്ങാട് മേഖലകളിൽ വ്യാപകമായി മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി. നഗരമേഖലയിൽ ശക്തമായ മഴ ഇതുവരെയില്ല
തൃശൂർ നഗരത്തിലും ചാലക്കുടിയിലും മഴ കനത്തു. ഒല്ലൂരിൽ നിർത്തിയിട്ട രണ്ട് കാറുകൾക്ക് മുകളിൽ മരംവീണു.ആളപായം ഇല്ല. ആലപ്പുഴയിൽ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലകളിലും മഴ ശക്തമായിരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ല. ഇടുക്കിയിൽ വണ്ടിപ്പെരിയാറിലും നെടുങ്കണ്ടത്തുമാണ് മഴ ശക്തമായത്.
പത്തനംതിട്ടയിൽ ഉച്ചയ്ക്ക് ശേഷം വിവിധ കനത്ത മഴയാണ്. മലയോര മേഖലയിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞ് വീണു. കാര്യമായ മറ്റ് നാശനഷ്ടങ്ങൾ നിലവിൽ ഇല്ല. ഇടവിട്ട് ഇടവിട്ട് മഴ ശക്തിയായി പെയ്യുകയാണ്. പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ ജോലി ചെയ്യുകയായിരുന്ന 9 പേർക്കാണ് മിന്നലേറ്റത്. ഇവർക്ക് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.
അഞ്ച് ദിവസം മഴ തുടരും, തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഇന്നും നാളെയും ചില ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചില ജില്ലകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. 10,11, 12 തീയതികളിൽ തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോര മേഖലയിലും മഴക്ക് സാധ്യതയുണ്ട്.
തെക്കേ ഇന്ത്യക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താലാണ് വരുന്ന അഞ്ച് ദിവസവും മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ ചക്രവാതചുഴി (Cyclonic Circulation) നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ശ്രീലങ്കക്ക് മുകളിൽ സ്ഥിതിചെയ്യുന്നുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam