Latest Videos

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് രാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

By Web TeamFirst Published May 12, 2021, 6:38 PM IST
Highlights

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  മറ്റന്നാൾ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  മറ്റന്നാൾ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ന് അർധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിക്കുന്നുവെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കാതെ ആരും കടലിൽ പോകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവര്‍ സുരക്ഷിത തീരത്തേക്ക് മാറാണമെന്നും നിർദ്ദേശം.

കൊവിഡ് ഭീഷണിക്കിടെയാണ് സംസ്ഥാനത്ത് കനത്ത മഴയും വരുന്നത്. തെക്കൻ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തിൽ ഇന്നലെ 142 മില്ലീ മീറ്റർ മഴയാണ് പെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് പുറമെയാണ് എറണാകുളത്തും കോട്ടയത്തും ഇടക്കിയിലും ഇന്ന് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. മറ്റന്നാൾ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ടൗട്ടെ എന്ന പേരിലെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. മറ്റന്നാൾ കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കൊല്ലം ഒഴികെയുള്ള ബാക്കി മേല്പറഞ്ഞ ആറ് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.

14 മുതൽ കേരളത്തിലും മഴ കനക്കും. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരണ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. കടലാക്രമണം ശക്തിപ്പെടാൻ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് കഴിയുന്നവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നൽകും.

വൈദ്യുതി ബന്ധത്തിൽ തകരാർ വരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താൻ വേണ്ട തയ്യാറെടുപ്പും ടാസ്ക് ഫോഴ്സും വൈദ്യുതി വകുപ്പ് മുൻകൂട്ടി സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവരങ്ങൾ യഥാസമയം പൊതുജനത്തെ അറിയിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇതുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!