ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സര്‍വകലാശാല പരീക്ഷകളും മാറ്റി

By Web TeamFirst Published Aug 12, 2019, 5:49 PM IST
Highlights

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തുകൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.

കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 13 ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് അവധി നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവർത്തിച്ച അങ്കണവാടികൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരള സർവകലാശാലയും എംജി സർവകലാശാലയും ചൊവ്വാഴ്ച (13 ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സർവകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്. 

ആരോഗ്യസർവകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 14-ന് നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടന്‍ അറിയിച്ചു. 

click me!