ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ 

By Web TeamFirst Published Oct 2, 2022, 9:07 PM IST
Highlights

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശികളും  മുഹമ്മദ് സായിദ്  (16),  മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. വിവിധ ജില്ലകളിലും മലയോരമേലകളിലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. 

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശികളും  മുഹമ്മദ് സായിദ്  (16),  മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപ്പെട്ട മൂന്ന് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്കൻ വനമേഖലയിൽ വനത്തിനുള്ളിൽ ശക്തമായ മഴ പെയ്തു. ഉറുമി പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. എന്നാൽ കിഴക്കൻ മേഖലയിലെ  ജനവാസ പ്രദേശത്തൊന്നും മഴയുണ്ടായില്ല. വനത്തിൽ ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളിൽ വെള്ളം കൂടി.

വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും  നീരൊഴുക്ക് ശക്തമാവുകയും ചെയ്തതിനെ തുടർന്നാണ് പാലക്കാട് മലമ്പുഴ അണക്കെട്ട് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറന്നത്. ഡാമിൻ്റെ നാലു ഷട്ടറുകളും 15 സെ.മീ വീതമാണ് ആദ്യം ഉയര്‍ത്തിയത്. എന്നാൽ ആറരയോടെ  25 സെ.മീ. ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങി. ഡാം തുറന്ന സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

വിശാഖപട്ടണത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതാണ് സംസ്ഥാനത്തെ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് കാരണം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, മല്ലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശമില്ല. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടർന്നേക്കും.

tags
click me!