മഴയൊഴിയാതെ കണ്ണൂർ; വെള്ളത്താൽ ചുറ്റപ്പെട്ട് ന​ഗര പ്രദേശങ്ങൾ

By Web TeamFirst Published Aug 10, 2019, 6:16 AM IST
Highlights

മഴയ്ക്ക് പുറമെ വനമേഖലകളിലുണ്ടാകുന്ന ഉരുൾപൊട്ടലുകളിൽ പുഴയിൽ വെള്ളം നിറയുകയും ഇത് മറ്റ് പ്ര​ദേശങ്ങളിലേക്ക് ഒലിച്ച് പോകുകയുമാണ് ചെയ്യുന്നത്. 

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകളിലും ഭീതിയൊഴിയുന്നില്ല. പുഴയോട് ചേർന്ന നഗര പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയിൽ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകൾ കഴിയുന്നുണ്ട്.
 
കനത്ത മഴയെത്തുടർന്ന് ശ്രീകണ്ഠാപുരം ന​ഗരം പൂർണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ​നഗരത്തിലൂടെ പുഴയൊഴുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ചെങ്ങളായി, തെരളായി, കൊർലായി, ഒറപ്പടി ഇരിക്കൂറിലെ പടിയൂർ, നെടുവല്ലൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്. ഇവിടങ്ങളിലെ നിരവധി വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ രണ്ട് ദിവസം മുൻപ് കയറിയ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. ശ്രീകോവിലിൽ വരെ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ നൂറിലധികം കടകൾ നശിച്ചിട്ടുണ്ട്. വൻ നാശനഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്.

 ഇരിക്കൂറിന്‍റെ പല മേഖലകളിലും ആളുപകൾക്ക് എത്താൻ പോലും ആകുന്നില്ല. മലയോരമേഖലകൾക്ക് പുറമെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നുണ്ട് എന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം മയ്യിൽ പഞ്ചായത്തിന്റെ ചിലഭാ​ഗങ്ങളിൽ വെള്ളം കയറിയിരുന്നു. മഴയ്ക്ക് പുറമെ വനമേഖലകളിലുണ്ടാകുന്ന ഉരുൾപൊട്ടലുകളിൽ പുഴയിൽ വെള്ളം നിറയുകയും ഇത് മറ്റ് പ്ര​ദേശങ്ങളിലേക്ക് ഒലിച്ച് പോകുകയുമാണ് ചെയ്യുന്നത്. ഇരിട്ടിയിൽ ഇന്നലെ വെള്ളം ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പഴശ്ശി പദ്ധതിയോട് അനുബന്ധിച്ചുള്ള മട്ടന്നൂർ കാരാ-വളയാൽ കനാൽ റോഡ് തകർന്നിരുന്നു. കഴിഞ്ഞ മഹാപ്രളയത്തിൽ ദുരന്തം വിതച്ച കൊട്ടിയൂരിൽ ഇത്തവണ സ്ഥിതി​ഗതികൾ ശാന്തമാണ്. 

കൂടുതൽ വായിക്കാം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി

കഴിഞ്ഞ ദിവസം കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയാണ്. 

click me!