കനത്ത മഴ; കാസർകോട് അതീവ ജാ​ഗ്രതാ നിർദ്ദേശം

By Web TeamFirst Published Aug 10, 2019, 6:40 AM IST
Highlights

നീലേശ്വരം, കയ്യൂ‌ർ, ചീമേനി, മധൂർ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 

കാസർകോട്: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് കാസർകോട് ഇന്നും അതീവ ജാ​ഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകളിലടക്കം മണ്ണിടിച്ചിൽ രൂക്ഷമാകുകയാണ്. സംസ്ഥാന പാതയിലും മണ്ണിടിച്ചൽ ശക്തമാണ്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് വലിയ ആശങ്കയാണുണ്ടാകുന്നത്. നീലേശ്വരം, കയ്യൂ‌ർ, ചീമേനി, മധൂർ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തടസ്സപെട്ടതിനാൽ വിവരങ്ങൾ ലഭിക്കുന്നതിന് താമസമുണ്ടാകുന്നുണ്ട്. മഴ ശക്തമായതിനെ തുടർന്ന് മുഴുവൻ ഉദ്യോ​ഗസ്ഥരോടും ഹാജരാകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഴ കനത്തതിനെ തുടർന്ന് ജില്ലയില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയാണ്. 

അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മത്സ്യത്തൊഴിലാളികള്‍ വയനാട് ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഭാ​ഗത്തുനിന്ന് 25 പേരാണ് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. മറ്റ് മത്സ്യത്തൊഴിലാളികളോട് തയ്യാറായി നിൽക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്നലെയാണ് മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ  പ്രത്യേക സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.  

click me!