5 ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ; വരും ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

Published : Aug 08, 2020, 11:27 PM ISTUpdated : Aug 08, 2020, 11:51 PM IST
5 ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ; വരും ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

Synopsis

തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. തമ്പാനൂരിൽ വെള്ളക്കെട്ട് ഉണ്ടായി. എന്നാൽ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ടായിരിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ വടക്ക് ഭാഗത്ത് നാളെ ഒരു ന്യൂനമർദ്ദം രൂപപെടും. ഇതും മഴ ശക്തമാകാൻ കാരണമാകും. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയും.

തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. തമ്പാനൂരിൽ വെള്ളക്കെട്ട് ഉണ്ടായി. എന്നാൽ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ല. കനത്ത മഴയിൽ വെള്ളകെട്ടുണ്ടാകുന്ന നഗരത്തിലെ പല ഭാഗങ്ങളിലും സ്ഥിതി സാധാരണ പോലെയാണ്. മലയോര മേഖലകളിലും മഴ തുടരുകയാണ്. അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.  വലിയതുറ, ശംഖുമുഖം തീപ്രദേശങ്ങളിൽ ശക്തമായ തിരമാലയിൽ വീടുകള്‍ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ പെയ്ത മഴയിൽ 198 വീടുകള്‍ പൂർണമായും 37 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റി പാർപ്പിച്ചതായി കളക്ടറുടെ ഓഫീസ് അറിയിച്ചു. 

അതേസമയം, മധ്യകേരളത്തിൽ മഴ കുറഞ്ഞു. കഴിഞ്ഞ ദിവസം പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ ആലുവ മേഖലയില്‍ വെള്ളം ഇറങ്ങി. കോട്ടയത്ത് പാലാ നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമായി. എന്നാൽ കോട്ടയം, കുമരകം റോഡിലും ചങ്ങനാശേരി നഗരസഭ, വാഴപ്പിള്ളി പഞ്ചായത്ത് എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന്‍റെ ഭീതി നിലനിൽക്കുന്നു. ആലപ്പുഴയിൽ അപ്പർ കുട്ടനാട്ടിലും ചെങ്ങന്നൂരിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. കുട്ടനാട് രാമങ്കരിയിൽ എസി കനാലിൽ വീണ് കാണാതായ സരസമ്മയ്ക്കായി ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടരുകയാണ്. അതേസമയം, കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച ഉണ്ടായി. കൈനകരി വടക്കേ വാവക്കാട്  പാടശേഖരത്തിൽ മട വീണു. 210 ഏക്കർ കൃഷി നശിച്ചു.

പുലർച്ചെ മുതൽ മഴ മാറി നിന്നത് എറണാകുളത്ത് ആശ്വാസമായി. ജില്ലയുടെ കിഴക്കൻ മേഖലയിലുൾപ്പെടെ മഴ കുറഞ്ഞതോടെ പെരിയാറിൽ മൂന്നടിയിലേറെ വെള്ളം താഴ്ന്നു. റോഡിലും, വീടുകളിൽ നിന്നും വെള്ളമിറങ്ങി. ജില്ലയിൽ 36 ക്യാമ്പുകളിലായി 1116 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ ജില്ലയിൽ ഒന്നേകാൽ കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്. അതേസമയം, കോട്ടയത്ത് പാലാ നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമായി. എന്നാൽ കോട്ടയം കുമരകം റോഡിലും ചങ്ങനാശേരി നഗരസഭ, വാഴപ്പിള്ളി പഞ്ചായത്ത് എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന്‍റെ ഭീതി നിലനിൽക്കുന്നു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്‍ഡിആര്‍എഫ് സംഘവും ജില്ലയിൽ എത്തി. കോട്ടയം ജില്ലയിൽ ഇതുവരെ 116 ക്യാമ്പുകളിലായി 2850 പേരെ മാറ്റിപ്പാർപ്പിച്ചു.

മഴ കുറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, അപ്പർകുട്ടനാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ജില്ലയിൽ 23 ക്യാമ്പുകളിലായി 784 പേരെ മാറ്റിപാർപ്പിച്ചു. ചെങ്ങന്നൂർ താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസ് ഭാഗികമായി തടസ്സപെട്ടു. രാമങ്കരിയിൽ എസി കനാലിൽ കുളിക്കാനിറങ്ങിയ 70 കാരി സരസമ്മയെയാണ് കാണാതായത്. ചേ‍ർത്തല പള്ളിപ്പുറത്ത് രണ്ടര വയസുകാരൻ നേതൻ തോട്ടിൽ വീണുമരിച്ചതും ദുരിതപ്പെയ്ത്തിലെ വേദനയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2359 അടിയിലെത്തി. മൂലമറ്റം വാഗമൺ റോഡിൽ എടാട് അന്ത്യംപാറ ഭാഗത്ത് റോഡിലേക്ക് പാറവീണ് ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട് ഷോളയാർ ഡാമിന്റെ ഷട്ടർ രാവിലെ 8 മണിയോടെ അടച്ചു. തൃശൂർ നഗരത്തിലെ പെരിങ്ങാവ്, കുണ്ടുവാറ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പും ക്രമാതീതമായി ഉയരാത്തത് ആശ്വാസമായി.

പാലക്കാട് ജില്ലയിൽ നാളെ യെല്ലോ അലർട്ടാണ്. 115. 5 മി.മീ വരെ ശക്തമായ  മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലമ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽനിയന്ത്രിത അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകി.  ജില്ലയിൽ നിലവിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 196 പേരെയാണ് മാറ്റി പാർപ്പിച്ചത്. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. മലയോര മേഖലകളിൽ കനത്ത മഴ തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ ഒരുക്കും. ഭവാനി, ഭാരതപ്പുഴ, ശിരുവാണി പുഴകളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 

അതേസമയം, കനത്ത മഴയിൽ വടക്കൻ കേരളത്തിൽ കോഴിക്കോടും കണ്ണൂരും കാസർകോടും ഉരുൾപൊട്ടലുണ്ടായി. പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് ആയിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചു. കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ജില്ലയിൽ ചെങ്ങളായി, പൊടിക്കളം ശ്രീകണ്ഠാപുരം മയ്യിൽ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കണ്ണൂരിൽ ഇതുവരെ അഞ്ഞൂറിലധികം പേരെ മാറ്റിപാർപ്പിച്ചു. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉൾപ്പടെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. 

കണ്ണൂർ പയ്യാവൂർ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോടും കോഴിക്കോട് കോടഞ്ചേരി തെയ്യമ്പാറയിലും കാസർകോട് തുമ്പോടിയിലും ഉരുൾപൊട്ടി. മുൻകരുതലിന്‍റെ ഭാഗമായി താഴ്‍വാരത്തുള്ള പതിനാറ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് ഓട്ടുവയൽ സ്വദേശി ശ്രീകുമാർ മരിച്ചു. കാസർകോട് തേജസ്വിനിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈകിട്ടോടെ മഴ കുറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം