പത്തനംതിട്ടയിൽ കനത്ത മഴ, പമ്പാ ഡാമിൽ ജലനിരപ്പ് ഉയർന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

By Web TeamFirst Published Aug 8, 2020, 9:41 PM IST
Highlights

 രാത്രിയിൽ അലർട്ട് പ്രഖ്യാപിക്കാനാണ് സാധ്യത. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ പെയ്തതോടെ പമ്പാ ഡാമിന്റെ ജലനിരപ്പ് ഉയർന്നു. ഡാമിൽ നിലവിൽ 983 മീറ്റർ ഉയരത്തിലാണ് വെള്ളമുള്ളത്. ഇത് 983.50 മീറ്ററിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. രാത്രിയിൽ അലർട്ട് പ്രഖ്യാപിക്കാനാണ് സാധ്യത. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് പറഞ്ഞിരുന്നു. പത്ത് വള്ളവും 20 തൊഴിലാളികളുമാണ് പത്തനംതിട്ടയിലേക്ക് പോയിട്ടുള്ളത്. പമ്പ ഡാം തുറക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ 51 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും അദ്ദേഹം അറിയിച്ചിരുന്നു. 

Read Also: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുവെന്ന് മുഖ്യമന്ത്രി; അതിതീവ്ര മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം...

അതേസമയം, തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. തമ്പാനൂരിൽ വെള്ളം കെട്ട് ഉണ്ടായി. എന്നാൽ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ല. കനത്ത മഴയിൽ വെള്ളകെട്ടുണ്ടാകുന്ന നഗരത്തിലെ പല ഭാഗത്തിങ്ങളിലും സ്ഥിതി സാധാരണ പോലെയാണ്. മലയോര മേഖലകളിലും മഴ തുടരുകയാണ്. അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.  വലിയതുറ, ശംഖുമുഖം തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയിൽ വീടുകള്‍ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ പെയ്ത മഴയിൽ  198 വീടുകള്‍ പൂർണമായും 37 വീടുകള്‍ ഭാഗികമായും തകർന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റി പാർപ്പിച്ചതായി കളക്ടറുടെ ഓഫീസ് അറിയിച്ചു.
 

click me!