
തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് ആയിരിക്കും. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയിൽ പല ഇടങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റെഡ് അലര്‍ട്ടുള്ള കാസര്‍കോട് ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം മഴ ശക്തമായി. ഗുരുതരമായ മഴക്കെടുതികള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയില്‍ അഡൂര്‍- കടിക്കജെ റോഡില്‍ കൊരിക്കണ്ടയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. തൃക്കണ്ണാട്, അജാനൂർ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമാണ്. പുഴകള്‍ കരകവിയാന്‍ സാധ്യതയുള്ളതിനാല്‍ പുഴയ്ക്കരികില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.