കാലവര്‍ഷം ശക്തിപ്പെട്ടു: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

Published : Aug 07, 2019, 06:39 PM IST
കാലവര്‍ഷം ശക്തിപ്പെട്ടു: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

Synopsis

കണ്ണൂരില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.വടക്കന്‍ കേരളത്തിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയര്‍ന്നു. വയനാട്ടില്‍ ഇന്ന് പെയ്തത് സീസണിലെ ഏറ്റവും മികച്ച മഴ 

കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്നുണ്ടായത്. ഇടുക്കിയിലും മഴ തുടരുകയാണ്. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ് നല്‍കി. 

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്,പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂര്‍, മുക്കം, കാരശേരി,മാവൂര്‍ പഞ്ചായത്തുകളിലെ  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് വ്യാപകനാശനഷ്ടമാണ് ഉണ്ടായി.നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി. വൈദ്യുതി ബന്ധവും താറുമാറായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പട്ടു. എന്നാല്‍ പ്രകൃതിക്ഷോഭത്തില്‍ ആളപായമില്ല. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി.

കണ്ണൂര്‍ ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വടക്കന്‍ കേരളത്തിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയര്‍ന്നു. വയനാട് കുറിച്യര്‍ മലയില്‍ ഇന്ന് പുലര്‍ച്ചെ മണ്ണിടിച്ചില്‍ ഉണ്ടായി. ഇവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പാലക്കാട്ടെ അട്ടപ്പാടി,ഷോളയൂർ, അഗളി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ഇന്നു ലഭിച്ചത്. ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുകയാണ്. വയനാട് ജില്ലയിൽ 5 ക്യാമ്പുകളിലായി 92 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജില്ലയില്‍ ഇന്ന് ശരാശരി 100.9 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് വിവരം.  ഈ മണ്‍സൂണ്‍ സീസണില്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇന്നാണ്. 
 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K