വടക്കൻ ജില്ലകളിൽ കനത്ത മഴ, തീരമേഖലയിൽ കനത്ത നാശം, കടലിൽ പോകരുതെന്ന് നിർദേശം

Published : Jun 11, 2019, 11:00 AM ISTUpdated : Jun 11, 2019, 01:32 PM IST
വടക്കൻ ജില്ലകളിൽ കനത്ത മഴ, തീരമേഖലയിൽ കനത്ത നാശം, കടലിൽ പോകരുതെന്ന് നിർദേശം

Synopsis

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടെയും മലപ്പുറത്തെയും തീരമേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ കടൽക്ഷോഭം ശക്തമാകാനാണ് സാധ്യത. 

കോഴിക്കോട്/തിരുവനന്തപുരം: 'വായു' ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ വടക്കൻ ജില്ലകളിൽ മഴ ശക്തമായി. സംസ്ഥാനത്തെ തീരമേഖലയിൽ കടലാക്രമണം ശക്തമാണ്. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടെയും മലപ്പുറത്തെയും തീരമേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ കടൽക്ഷോഭം ശക്തമാകാനാണ് സാധ്യത. 

തെക്കൻ ജില്ലകളിൽ കടൽക്ഷോഭം രൂക്ഷം

കാലവർഷത്തോടൊപ്പം ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടിയായതോടെയാണ് കടൽക്ഷോഭം ശക്തമായത്. തിരുവനന്തപുരം വലിയതുറയിലും കൊല്ലത്തും വലിയ രീതിയിലുള്ള കടൽക്ഷോഭം തുടരുകയാണ്. 

വലിയതുറയിൽ പല വീടുകളിലും വെള്ളം കയറി. തീരമേഖലയിലുള്ള നാല് വീടുകൾ തകർന്നു. വെള്ളം അകത്തേക്ക് കയറി. തീരമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ഊർജിതമാണ്. തൊട്ടടുത്ത് തന്നെ ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

കാലവര്‍ഷം കനത്തതോടെ കൊല്ലം ജില്ലയുടെ കടലോര മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പല ഇടങ്ങളിലുംവീടുകളും  റോഡുകളും കടലെടുക്കുന്ന സ്ഥിതിയാണ്. അതേസമയം, പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതർ തുടങ്ങിയിട്ടുണ്ട്.

കടലാക്രമണം തടയാൻ  ബീച്ച് മുതൽ താന്നിവരെയുള്ള തീരത്ത് 23 പുലിമുട്ടുകള്‍ സ്ഥാപിക്കുമെന്നാണ് എംഎല്‍ എ എം നൗഷാദ് അറിയിച്ചത്. 50 മീറ്റ‍ർ മുതൽ 100 മീറ്റർ വരെ നീളമുള്ള പുലി മുട്ടുകള്‍ സ്ഥാപിക്കുന്നതിനായി  23.46 കോടി രൂപയുടെ പദ്ധതിക്ക് ടെണ്ടര്‍ നടപടികൾ തുടങ്ങിയിട്ടുണ്ട്.

വടക്കൻ ജില്ലകളിൽ കൺട്രോൾ റൂമുകൾ

കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊന്നാനി, താനൂർ, കൊയിലാണ്ടി, പരപ്പനങ്ങാടി എന്നീ പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമാണ്. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിൽ  കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്.പോലീസ്, ഫയർ ഫോഴ്‍സ്, നാട്ടുകാർ എന്നിവർ ചേർന്ന് തെരച്ചിൽ നടത്തുകയാണ്. കനത്ത മഴയുടെയും ചുഴലിക്കാറ്റിന്‍റെയും പശ്ചാത്തലത്തിൽ കടലിൽ കുളിക്കാനോ കളിക്കാനോ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

പ്രളയകാലത്തിന് ശേഷമുള്ള ആദ്യത്തെ മഴക്കാലത്ത് എല്ലാ ജില്ലാ ഭരണകൂടങ്ങളും ജാഗ്രതയിലാണ്. എല്ലാ തീരദേശ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലുമാണ് കൺട്രോൾ റൂമുകൾ. കോഴിക്കോട് ജില്ലയുടെ തീരമേഖലകളിലും മലയോരമേഖലയിലും ശക്തമായി മഴ തുടരുകയാണ്. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ട സ്ഥിതിയുണ്ടായിരുന്നു. 

ഡാമുകളിലും കനത്ത ജാഗ്രത

ഡാമുകളുടെ പ്രവർത്തനവും സൂക്ഷ്മമായി അധികൃതർ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു വിട്ടതും മറ്റും പ്രളയത്തിന് കാരണമായി എന്ന റിപ്പോർട്ടുകൾ കൂടി വന്ന പശ്ചാത്തലത്തിലാണ് ഡാമുകളിലെ ജലനിരപ്പ് അധികൃതർ കൃത്യമായി ന ിരീക്ഷിക്കുന്നത്. 

ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

മധ്യകേരളത്തിലെ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ മിക്ക തീരപ്രദേശങ്ങളിലും കനത്ത വേലിയേറ്റമാണ് കഴിഞ്ഞ രാത്രിയും അനുഭവപ്പെട്ടത്. എറണാകുളത്തെ ചെല്ലാനം, കമ്പനിപ്പടി ബസാർ ഭാഗങ്ങളിലെ മുപ്പതിലേറെ വീടുകളിൽ വെള്ളം കയറി. 150 ഓളം വീടുകൾ വെള്ളത്തിന് നടുവിലാണ്. കടൽഭിത്തി നിർമാണം പൂർത്തിയാകാത്തതാണ് ദുരിതം കൂട്ടുന്നത്. 

തൃശ്ശൂരിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാവക്കാട്, എറിയാട് മേഖലകളിൽ വെള്ളം കയറിയതോടെ വീട്ടുകാർ ബന്ധുവീടുകളിൽ അഭയം തേടുകയാണ്. എറിയാട് പഞ്ചായത്തിന്‍റെ തീരപ്രദേശങ്ങളിൽ രണ്ട് കിലോമീറ്ററോളം കടൽ കയറി. എറിയാട്, എടവിലങ്ങ് മേഖലയിൽ തീരദേശ റോഡ് കടൽ കയറി ഗതാഗതയോഗ്യമല്ലാതായി. ആലപ്പുഴയിൽ അമ്പലപ്പുഴ, നീർക്കുന്നം, കക്കാഴം മേഖലകളിലാണ് കടലാക്രമണം രൂക്ഷം. ഇവിടങ്ങളിലെ കടലാക്രമണ ഭീഷണിപ്രദേശങ്ങളിൽ പുലിമുട്ട് നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം നടപ്പായിട്ടില്ല. ഇടുക്കി ജില്ലയിലും കോട്ടയത്തും കാര്യമായ മഴ ലഭിച്ചിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം