കനത്ത മഴ: ബെം​ഗളൂരുവിൽ നിന്നുള്ള ബസ് സർവ്വീസുകൾ കെഎസ്ആർടിസി റദ്ദാക്കി

By Web TeamFirst Published Aug 8, 2019, 8:57 PM IST
Highlights

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെഎസ്ആർടിസി റദ്ദാക്കിയത്. 

ബെം​ഗളൂരു: കനത്ത മഴയെത്തുടർന്ന് ബെം​ഗളൂരുവിൽ നിന്നുള്ള മുഴുവൻ ബസ് സർവ്വീസുകള്‍ കെഎസ്ആർടിസി റദ്ദാക്കി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെഎസ്ആർടിസി റദ്ദാക്കിയത്. കേരളത്തിൽ നിന്ന് തിരിച്ചും സർവ്വീസുകൾ നടത്തില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കേരളത്തെയും ബെം​ഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്പേട്ട പട്ടണത്തിൽ വെളളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. മുത്തങ്ങ, ഗോണിക്കുപ്പ, കുട്ട, നാടുകാണി തുടങ്ങിയ പാതകളിലും വെള്ളം കയറിയതോടെ ​ഗതാ​ഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

കാലവർഷം കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ് വടക്കൻ കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾ. ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചൽ ശക്തമായി തുടരുകയാണ്. പുഴകൾ കവിഞ്ഞെഴുകിതോടെ ​ഗതാ​ഗതവും താറുമാറായിരിക്കുകയാണ്.

കർണാടകത്തിലും സ്ഥിതി വഷളായിരിക്കുകയാണ്. വടക്കൻ കർണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. മഴ കനത്തതോടെ വടക്കൻ കർണാടകത്തിലെ അരലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. കർണാടകത്തിലെ 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 15 വരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുടക് വഴിയുളള യാത്ര ഒഴിവാക്കാൻ നിർദേശമുണ്ട്. മംഗളൂരുവിൽ നിന്ന് ഇതുവഴി ബെംഗളൂരുവിലേക്കുളള ട്രെയിനുകൾ ഞായറാഴ്ച വരെ റദ്ദാക്കിയിട്ടുണ്ട്. വടക്ക് കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശത്തെ ഡാമുകളെല്ലാം തുറന്നതോടെ ബെലഗാവി നഗരവും ഗ്രാമങ്ങളും വെളളത്തിനടിയിലാണ്. പ്രദേശത്ത് ഇരുനൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അമ്പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. വെളളം കയറിയ ഗ്രാമങ്ങളിൽ നിന്ന് പലായനം തുടരുകയാണ്. ദുരന്തനിവാരണസേനക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിയിട്ടുണ്ട്.  

click me!