
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. ഇതോടൊപ്പം കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളും ആരോഗ്യ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം, കാസർകോട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്റ്റർ ഡോ. ഡി സജിത് ബാബു അറിയിച്ചു.
കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്.
ഈ സീസണിലെ ഏറ്റവും ശക്തമായ മഴ ഇന്ന് രാത്രി പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട്ടില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് ഇതുവരെ 200 മില്ലിമീറ്ററിന് മുകളില്‍ വയനാട്ടില്‍ പെയ്തു എന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് ദിവസമായി ജില്ലയില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ശക്തമായ മഴ ഇനിയും വരാനിരിക്കുന്ന എന്ന മുന്നറിയിപ്പ് എത്തുന്നത്. ഇതേതുടര്‍ന്ന് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും അവസാനത്തെയാളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam