വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published Jun 23, 2020, 2:07 PM IST
Highlights

മത്സ്യതൊഴിലാളിക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജൂൺ 24 മുതൽ ജൂൺ 26 വരെ കേരള-കർണ്ണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആയിരിക്കും.

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. മത്സ്യതൊഴിലാളിക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജൂൺ 24 മുതൽ ജൂൺ 26 വരെ കേരള-കർണ്ണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിർദ്ദേശം.

അതേസമയം, കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മഴ തുടരുന്ന കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണ്. ഇത്തരം പ്രദേശങ്ങളിലെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റെവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാൽ ഉടനെ പ്രവർത്തിക്കാൻ സജ്ജരായിരിക്കേണ്ടതുമാണ് എന്നാണ് നിര്‍ദ്ദേശം.

click me!