സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Oct 2, 2021, 7:24 AM IST
Highlights

നാളെയും മറ്റന്നാളും ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത(rain alert). ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെയോടെ മഴ കൂടുതൽ ശക്തി പ്രാപിക്കും. 

നാളെയും മറ്റന്നാളും ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

ഇടിമിന്നൽ മുന്നറിയിപ്പ്

പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. . ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.

click me!