
വയനാട്: കനത്തമഴയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സൈന്യം അടക്കം കൂടുതൽ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് പുത്തുമലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്,
മഴ മാറി നിൽക്കുകയാണെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയിൽ അത്രപെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാൻ പറ്റില്ലെന്നാണ് വിലയിരുത്തൽ. മിക്കയിടത്തും കാലുവച്ചാൽ താഴ്ന്ന് പോകുന്നതരത്തിൽ ചതുപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ചെന്നെത്താൻ കഴിയാത്ത അവസ്ഥയുമാണ്.
ചതുപ്പിന്‍റെ ആഴം കണക്കാക്കി മരക്കഷ്ണങ്ങളിട്ട് മൂടി അതുവഴിയാണ് രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലകപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. വീടുകളും ആളുകളും അകപ്പെട്ട് പോയ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിലും വലിയ പരിമിതിയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരും പറയുന്നത്.
അതിനിടെ തോട്ടം തൊഴിലാളികളുടെ പാടി നിന്നിരുന്നിടത്തിന് സമീപത്തു നിന്ന് ഇന്നും രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. അതോടെ പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam