Kerala Rain: നാളെയുംശക്തമായ മഴ തുടരും, ഇന്ന് 13 ജില്ലയിൽ ഓറഞ്ച് അല‍ര്‍ട്ട്, നാളെ അഞ്ച് ജില്ലയിൽ റെഡ്അല‍ര്‍ട്ട്

Published : May 15, 2022, 09:22 PM IST
Kerala Rain: നാളെയുംശക്തമായ മഴ തുടരും, ഇന്ന് 13 ജില്ലയിൽ ഓറഞ്ച് അല‍ര്‍ട്ട്, നാളെ അഞ്ച് ജില്ലയിൽ റെഡ്അല‍ര്‍ട്ട്

Synopsis

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി.

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ് (Heavy pre monsoon rains to continue in Kerala). അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ റെ‍ഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നത്തെ കാറ്റിലും മഴയിലും മരം വീണ് സംസ്ഥാനത്ത് 7 വീടുകള്‍ തകര്‍ന്നു. മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. അതേസമയം ‍ഞായറാഴ്ച വൈകിട്ടോടെ  മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി നിലവിൽ കുറഞ്ഞതാണ് ശമനത്തിന് കാരണം. വൈകിട്ട് വന്ന മഴ അല‍ര്‍ട്ടിൽ എവിടെയും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല 13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ര്‍ട്ട് നിലനിൽക്കുന്നു.കാസര്‍ഗോഡ് ജില്ലയിൽ മാത്രം യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിൽ റെ‍ഡ് അലര്‍ട്ടും കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,മലപ്പുറം, വയനാട്, കാസ‍ര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. പട്ടം മുട്ടടയില്‍ ചൈതന്യ ഗാര്‍ഡന്‍സിലെ ചില വീടുകളില്‍ വെള്ളം കയറി. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി മരം വീണ് ഏഴുവീടുകള്‍ തകര്‍ന്നു. 

എറണാകുളത്ത് ആലുവ, പെരുമ്പാവൂർ കളമശ്ശേരി, കൊച്ചി നഗരം എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിൽ മുങ്ങി. ഉദയാനഗർ കോളനി, കാരയ്ക്കമുറി എന്നിവിടങ്ങളിലും വെള്ളം കയറി. 

കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി, 30 വീടുകളിൽ വെള്ളം കയറി, മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് എം.സി.റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെ.മീ വീതം ഉയർത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ  കൺട്രോൾ റൂമിന് പുറമെ  ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും.രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. മുൻകരുതൽ നടപടിയുടെ ഭാഗമായി അരക്കോണത്ത് നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. ഇവരെ അഞ്ച് ജില്ലകളിലായി വിന്യസിക്കും. 

കേരളത്തിൽ ഈ ദിവസങ്ങളിൽ സാധാരണയിലും 73 ശതമാനം അധികം മഴ ലഭിച്ചെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പറയുന്നത്. മെയ് 21 വരെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 26-ഓടെ കേരളത്തിൽ കാലവ‍ര്‍ഷം മഴ തുടങ്ങുമെന്നും സ്കൈമെറ്റ് പ്രവചിക്കുന്നു. ജൂണ് പത്ത് വരെ കേരളത്തിൽ മഴ തുടരുമെന്നും സ്കൈമെറ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി