കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Jul 17, 2020, 9:32 AM IST
Highlights

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

മഴ തുടരുന്ന കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണ്. ഇത്തരം പ്രദേശങ്ങളിലെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റെവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാൽ ഉടനെ പ്രവർത്തിക്കാൻ സജ്ജരായിരിക്കേണ്ടതുമാണെന്നും ദുരന്ത നിവാരണ സേന നിര്‍ദ്ദേശിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാമനാട്ടുകര, ബേപ്പൂർ, മാങ്കാവ്, നല്ലളം എന്നിവിടങ്ങളിലാണ് മരം വീണത്. ചെറൂട്ടി റോഡിൽ കനറ ബാങ്കിന് മുകളിലെ ഷീറ്റ് പറന്ന് മറ്റൊരു കെട്ടിടത്തിന് മുകളിൽ വീണു. ആളപായമില്ല. ഫയർഫോഴ്സ് ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി.

ബേപ്പൂരിൽ രണ്ട് വീടുകൾക്ക് മുകളിൽ മരം വീണു. ബിസി റോഡിൽ കുണ്ടാട്ടിൽ ബാബു തോട്ടുങ്ങൽ റെനിൽ കുമാർ എന്നിവരുടെ വീടിന് മുകളിലാണ് മരം വീണത്. വീടുകൾക്ക് ഭാഗികമായി കേടുപറ്റി. പെരച്ചനങ്ങാടി- തോണിച്ചിറ റോഡിൽ മരം വീണ് എട്ട് വൈദ്യുത കാലുകൾക്ക് തകരാർ ഉണ്ടായി. പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു

click me!