സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Nov 18, 2020, 5:55 AM IST
Highlights

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവ‌ർഷം ശക്തമായി തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം.

തെക്കുകിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർ‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ശനിയാഴ്ചയോടെ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മർദ്ദമാകുമെന്നാണ് വിലയിരുത്തൽ. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത. കിഴക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൃഷ്ടി പ്രദേശങ്ങളിൽ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ‍ർദ്ധനവുണ്ട്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് സെക്കൻഡിൽ 1,133 ഘനയടി കൊണ്ടുപോകുന്നുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി അറിയിച്ചു.

click me!